ദുബായ് ദെയ്‌റയില്‍ കെട്ടിടത്തില്‍ തീപിടുത്തം; രണ്ട് മലയാളികള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു
ദുബായ് ദെയ്‌റ നായിഫില്‍ കെട്ടിടത്തില്‍ തീപിടുത്തം. രണ്ട് മലയാളികള്‍ അടക്കം പതിനഞ്ചോളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. മലപ്പുറം വേങ്ങര സ്വദേശി കാളങ്ങാടന്‍ റിജേഷ് (37) ഭാര്യ ജിഷി (32) എന്നിവരാണ് മരിച്ച മലയാളികള്‍. ദെയ്‌റ ഫിര്‍ജ് മുറാറിലെ കെട്ടിടത്തില്‍ ഇന്നലെ ഉച്ചയോടെ ആയിരുന്നു തീപിടുത്തം. ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് തീപിടുത്തം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
മരിച്ചവരില്‍ രണ്ട് പേര്‍ മലയാളികളും രണ്ട് പേര്‍ തമിഴ്‌നാട്ടില്‍ നിന്നുള്ളവരും മറ്റുള്ളവര്‍ ആഫ്രിക്കയില്‍ നിന്നും പാകിസ്താനില്‍ നിന്നും വന്നവരാണെന്നുമാണ് പ്രാഥമിക നിഗമനം. തീപിടുത്തത്തില്‍ ഒന്‍പത് പേര്‍ക്ക് പൊള്ളലേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കെട്ടിടത്തിന്റെ നാലാമത്തെ നിലയിലാണ് തീ പടര്‍ന്നുകയറിയത്. അഗ്നിശമന വിഭാഗം സ്ഥലത്തെത്തി തീ അണച്ചെങ്കിലും പുക ശ്വസിച്ചാണ് പലരുടേയും മരണം സംഭവിച്ചത്. എ സി പൊട്ടിത്തെറിച്ചാകാം അപകടമുണ്ടായതെന്നും സംശയിക്കുന്നുണ്ട്. കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തി വരികയാണ്.