കോവിഡ്; റദ്ദാക്കിയ വിമാന ടിക്കറ്റുകളുടെ റീഫണ്ട് തിരികെ നൽകും; തീരുമാനവുമായി എയർ ഇന്ത്യ എക്സ്പ്രസ്
മനാമ: കോവിഡ് കാലത്ത് റദ്ദായ വിമാന ടിക്കറ്റുകളുടെ തുക റീഫണ്ട് ലഭിക്കാത്തവർക്ക്, നേരത്തെ വൗച്ചറുകളാക്കി മാറ്റിയ ടിക്കറ്റുകളുടെ തുക റീഫണ്ട് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്ന് എയർ ഇന്ത്യ എക്സ്പ്രസ്. യാത്രക്കാരുടെയും ട്രാവൽ ഏജൻസികളുടെയും നിരന്തരമായ പരാതിക്കൊടുവിലാണ് ഇക്കാര്യത്തിൽ നടപടി ഉണ്ടായിരിക്കുന്നത്.
നേരത്തേ, പ്രവാസി ലീഗൽ സെൽ നൽകിയ ഹരജിയിൽ കോവിഡ് വ്യാപന കാലത്ത് റദ്ദായ ടിക്കറ്റുകളുടെ തുക റീഫണ്ട് നൽകണമെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. ബഹ്റൈനിലെ ട്രാവൽ ഏജൻസികൾ മുഖേന ടിക്കറ്റ് ബുക്ക് ചെയ്ത പലർക്കും റീഫണ്ട് നൽകിയില്ല. പകരം 2021 ഡിസംബർ 31നുള്ളിൽ ഉപയോഗിക്കണമെന്ന വ്യവസ്ഥയോടെ മറ്റൊരു യാത്രക്ക് ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ വൗച്ചറുകളാക്കി നൽകുകയാണ് എയർലൈൻസ് ചെയ്തത്.
മാർച്ചിൽ ഇന്ത്യ ലോക്ഡൗൺ പ്രഖ്യാപിച്ചതിനെത്തുടർന്നാണ് അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തിവെച്ചത്. തുടർന്ന് വിദേശത്ത് കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ ആരംഭിച്ച വന്ദേഭാരത് ദൗത്യത്തിൽ പുതിയ ടിക്കറ്റ് എടുത്താണ് ആയിരക്കണക്കിന് യാത്രക്കാർ നാട്ടിലേക്ക് മടങ്ങിയത്. പുറമേ, ചാർട്ടേഡ് വിമാനങ്ങളിലും യാത്രക്കാർ മടങ്ങി.
തുടർന്ന് ബഹ്റൈനിലെ എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ ഇന്ത്യയിലെ ആസ്ഥാനത്ത് വിവരം അറിയിച്ച് റീഫണ്ടിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് നിർദേശിച്ചു. നിലവിൽ വൗച്ചറുകൾ പി.എൻ.ആർ ആയി മാറ്റിക്കൊണ്ടിരിക്കുകയാണെന്നും ഉടൻ റീഫണ്ട് ലഭ്യമാകുമെന്നാണ് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചിരിക്കുന്നത്.