Saturday, January 4, 2025
Gulf

വ്യാപക പരിശോധന; ഒരാഴ്ചക്കിടെ പതിമൂവായിരത്തിലേറെ പ്രവാസികള്‍ പിടിയില്‍

റിയാദ്: സൗദിയിൽ താമസ, തൊഴിൽ, അതിർത്തി നിയമലംഘനങ്ങൾ കണ്ടെത്താന്‍ വിവിധ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ പുതുതായി 13,939 പേർ അറസ്റ്റിലായി. ജൂലൈ 27 മുതൽ ഓഗസ്റ്റ് രണ്ടു വരെ രാജ്യത്തുടനീളം സുരക്ഷാസേനയുടെ വിവിധ യൂനിറ്റുകൾ നടത്തിയ പരിശോധനയിലാണ് ഇവർ വലയിലായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 7,894 താമസ ലംഘകരും 3,839 അതിർത്തി നിയമ ലംഘകരും 2,206 തൊഴിൽ, നിയമ ലംഘകരുമാണ് അറസ്റ്റിലായത്.

രാജ്യത്തേക്ക് അതിർത്തി വഴി നുഴഞ്ഞുകടക്കാൻ ശ്രമിക്കുന്നതിനിടെ 933 പേർ പിടിയിലായി. ഇതിൽ 41 ശതമാനം യമനികളും 58 ശതമാനം എത്യോപ്യക്കാരും ഒരു ശതമാനം മറ്റ് രാജ്യക്കാരുമാണ്. 44 പേർ സൗദി അറേബ്യയിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെ പിടിക്കപ്പെട്ടു. താമസ-തൊഴിൽ ചട്ടങ്ങൾ ലംഘിക്കുന്നവർക്ക് യാത്ര, താമസ സൗകര്യങ്ങൾ ഒരുക്കുകയും ഇക്കാര്യം മറച്ചുവെക്കുകയും ചെയ്ത എട്ടുപേരെയും അറസ്റ്റ് ചെയ്തു.

നിലവില്‍ 37,794 നിയമലംഘകരാണ് നടപടിക്രമങ്ങള്‍ക്ക് വിധേയരായത്. ഇവരില്‍ 31,222 പേര്‍ പുരുഷന്‍മാരും 6,572 പേര്‍ സ്ത്രീകളുമാണ്. 31,109 പേര്‍ക്ക് താല്‍ക്കാലിക യാത്രാ രേഖകള്‍ സംഘടിപ്പിക്കാന്‍ എംബസികളുമായും കോണ്‍സുലേറ്റുകളുമായും സഹകരിക്കുന്നു. സ്വദേശങ്ങളിലേക്ക് തിരിച്ചയക്കുന്നതിനു മുന്നോടിയായി 2,019 പേര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ നടപടികള്‍ സ്വീകരിക്കുന്നു. ഒരാഴ്ചക്കിടെ 7,969 നിയമ ലംഘകരെ സൗദിയില്‍ നിന്ന് നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ച് ആര്‍ക്കെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കാന്‍ സൗകര്യം ചെയ്തുകൊടുക്കുകയോ അല്ലെങ്കില്‍ അദ്ദേഹത്തിന് ഗതാഗതമോ പാര്‍പ്പിടമോ എന്തെങ്കിലും സഹായമോ സേവനമോ നല്‍കുകയോ ചെയ്താല്‍ പരമാവധി 15 വര്‍ഷം വരെ തടവ് ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. കൂടാതെ, ഒരു ദശലക്ഷം റിയാല്‍ വരെ പിഴ, വാഹനങ്ങള്‍ അഭയം നല്‍കിയ സ്ഥലം എന്നിവ കണ്ടുകെട്ടല്‍ എന്നീ നടപടികള്‍ ഇവര്‍ക്കെതിരെ സ്വീകരിക്കുമെന്നും അവരുടെ പേരുകള്‍ പ്രാദേശിക മാധ്യമങ്ങളില്‍ വെളിപ്പെടുത്തുമെന്നും മുന്നറിയിപ്പുണ്ട്. നിയമ ലംഘനം ശ്രദ്ധയിൽ പെടുന്നവർ മക്ക, റിയാദ് മേഖലയിലുള്ളവർ 911 എന്ന നമ്പറിലും മറ്റു പ്രദേശങ്ങളിലുള്ളവർ 996, 999 എന്നീ നമ്പറുകളിലും വിളിച്ച് അറിയിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *