Tuesday, January 7, 2025
Gulf

ഇന്ത്യയുടെ ‘കോവിഷീൽഡ്’ വാക്സിൻ അംഗീകരിച്ച് സൗദി അധികൃതർ

 

ജിദ്ദ: ഇന്ത്യയിലെ ‘കോവിഷീൽഡ്’ വാക്‌സിൻ സൗദിയിലെ ‘ആസ്ട്ര സെനെക’ വാക്സിൻ തന്നെയെന്ന് അംഗീകരിച്ച് സൗദി അധികൃതർ. റിയാദ് ഇന്ത്യൻ എംബസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സൗദിയിൽ അംഗീകരിക്കപ്പെട്ട നാല് കോവിഡ് വാക്സിനുകളിൽ ഇന്ത്യയുടെ ‘കോവിഷീൽഡ്’ വാക്സിൻ ‘ആസ്ട്ര സെനെക’ എന്ന പേരിലാണ് ലിസ്​റ്റ്​ ചെയ്തിരിക്കുന്നത്. ഇരു രാജ്യങ്ങളിലും ഒരേ വാക്സിൻ രണ്ട് പേരുകളിൽ അറിയപ്പെടുന്നത് പ്രവാസികൾക്ക് വിവിധ ബുദ്ധിമുട്ടുകൾക്ക് ഇടയാക്കിയിരുന്നു.

ഇന്ത്യയിൽ നിന്നും വാക്സിൻ എടുത്തു സൗദിയിലേക്ക് യാത്രചെയ്യേണ്ട പ്രവാസികൾക്ക് ലഭിച്ചിരുന്ന സർട്ടിഫിക്കറ്റിൽ ‘കോവിഷീൽഡ്’ എന്ന് മാത്രമായിരുന്നു ആദ്യം രേഖപ്പെടുത്തിയിരുന്നത്. അതിനാൽ ഈ വാക്സിനെടുത്തവർ സൗദിയിലെത്തിയാൽ ഒരാഴ്ചത്തെ ഇൻസിറ്റിറ്റ്യൂഷനൽ ക്വാറൻറീൻ നിർബന്ധിതമായിരുന്നു.

സൗദി അധികൃതരുടെ ഭാഗത്ത് നിന്ന് തന്നെ ഇക്കാര്യത്തിൽ ഔദ്യോഗിക അംഗീകാരം വന്നതിനാൽ ഇതുമൂലം പ്രവാസികൾക്ക് ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകൾക്ക് ശാശ്വത പരിഹാരമായിട്ടുണ്ട്. ഇന്ത്യയിൽ നിന്നോ സൗദിയിൽ നിന്നോ ഈ വാക്സിന്റെ ആദ്യ ഡോസ് എടുത്തു യാത്ര ചെയ്യുന്നവർക്ക് രണ്ടാം ഡോസ് ഇരു രാജ്യങ്ങളിൽ ഏതെങ്കിലും ഒന്നിൽ നിന്നും എടുക്കാനുള്ള സൗകര്യം കൂടി ഇതോടെ ലഭ്യമാകും.

Leave a Reply

Your email address will not be published. Required fields are marked *