റംസാന്‍ മാസത്തെ സ്വീകരിക്കാനൊരുങ്ങി മക്ക, മദീന ഹറം പള്ളികള്‍
വിശുദ്ധ റംസാന്‍ മാസത്തെ സ്വീകരിക്കാനൊരുങ്ങി മക്കയിലും മദീനയിലുമുള്ള ഹറം പള്ളികള്‍. ദശലക്ഷക്കണക്കിന് വിശ്വാസികള്‍ റംസാന്‍ മാസത്തില്‍ പുണ്യഭൂമിയില്‍ എത്തുമെന്നാണ് പ്രതീക്ഷ. 12,000 പേര്‍ രണ്ട് ലക്ഷം മണിക്കൂര്‍ തീര്‍ഥാടകര്‍ക്ക് സേവനം ചെയ്യും. ലോകത്തിലെ തന്നെ ഏറ്റവും വലിയ സംഘടിത സന്നദ്ധ സേവനങളിലൊന്നാണ് ഇത്.
ഈ മാസം മൂന്നാം വാരത്തില്‍ ആരംഭിക്കുന്ന വിശുദ്ധ റമദാനെ സ്വീകരിക്കാനുള്ള അവസാനഘട്ട ഒരുക്കത്തിലാണ് മക്കയിലെ മസ്ജിദുല്‍ ഹറാം പള്ളിയും മദീനയിലെ മസ്ജിദുന്നബവി പള്ളിയും. തീര്‍ഥാടകര്‍ക്ക് സുഗമമായി ഉംറ നിര്‍വഹിക്കാനും, പ്രാര്‍ഥന നിര്‍വഹിക്കാനും, ഭജനമിരിക്കാനും, പ്രവാചകനെ സിയാറത്ത് ചെയ്യാനും പള്ളികളില്‍ വിപുലമായ സൌകര്യം ഏര്‍പ്പെടുത്തും.
റമദാന്‍ മാസം മുഴുവനും ഹറം പള്ളി പരിസരത്ത് ഗതാഗത നിയന്ത്രണം ശക്തമാക്കും. റമദാന്‍ സീസണില്‍ മക്കയിലെ ഹറം പള്ളിയില്‍ തീര്‍ഥാടകര്‍ക്ക് സേവനം ചെയ്യാനുള്ള ജീവനക്കാരുടെ എണ്ണം വനിതകള്‍ ഉള്‍പ്പെടെ 12,000 ആയി വര്‍ധിപ്പിച്ചു. ഇവര്‍ റമദാന്‍ മാസത്തില്‍ മാത്രം 2 ലക്ഷത്തിലധികം മണിക്കൂര്‍ തീര്‍ഥാടകര്‍ക്ക് സേവനം ചെയ്യും. ലോകത്തിലെ തന്നെ ഏറ്റവും വലിയ സംഘടിത സന്നദ്ധ സേവനങളിലൊന്നായാണ് ഇത് കണക്കാക്കപ്പെടുന്നത്.
പ്രായമായവര്‍ക്കും ഭിന്ന ശേഷിക്കാര്‍ക്കും കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ മക്കയിലെ ഹറം പള്ളിയില്‍ 10,000 വീല്‍ ചെയറുകള്‍ ഒരുക്കുമെന്നും ഹറം കാര്യവിഭാഗം അറിയിച്ചു. തനഖുല്‍ എന്ന ഓണ്‍ലൈന്‍ ആപ്പ് വഴി ഈ വീല്‍ചെയറുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. വിദേശ തീര്‍ഥാടകരുടെ വലിയ ഒഴുക്ക് തന്നെ ഇത്തവണ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഉംറ വിസയില്‍ എത്തുന്നവര്‍ക്ക് പുറമെ സന്ദര്‍ശക വിസയിലും ടൂറിസ്റ്റ് വിസയിലും ട്രാന്‍സിറ്റ് വിസയിലും എത്തുന്നവര്‍ക്കും ഇപ്പോള്‍ ഉംറ നിര്‍വഹിക്കാനും മദീന സന്ദര്‍ശിക്കാനും അനുമതിയുണ്ട്. വിദേശികള്‍ക്ക് അനായാസം വിസ ലഭിക്കുന്ന സംവിധാനം നിലവില്‍ വന്നതോടെ നിരവധി പേരാണ് തീര്‍ഥാടനത്തിനായി മാത്രം ഇപ്പോള്‍ സൗദിയില്‍ എത്തുന്നത്.