ഒമാനില്‍ ഷഹീന്‍ ചുഴലിക്കാറ്റിന്‍റെ നേരിട്ടുള്ള ആഘാതം അവസാനിച്ചതായി കാലാവസ്ഥ കേന്ദ്രം
ഷഹീന്‍ ചുഴലിക്കാറ്റിന്‍റെ നേരിട്ടുള്ള ആഘാതം ഒമാനില്‍ അവസാനിച്ചതായി കാലാവസ്ഥ കേന്ദ്രം. മണ്ണിടിച്ചിലിലും വെള്ളപ്പാച്ചിലിലും അകപ്പെട്ട് ഒരു കുട്ടി ഉള്‍പ്പടെ ഇതുവരെ പതിനൊന്ന് പേര്‍ ഒമാനിൽ മരിച്ചു.
ഒമാനിലെ തെക്കൻ ബാത്തിന ഗവര്‍ണറേറ്റിലെ സുവൈഖിൽ ഞായറാഴ്‍ച രാത്രി തീരംതൊട്ട ഷഹീൻ ചുഴലിക്കാറ്റ് കനത്ത നാശനഷ്ടങ്ങൾ വരുത്തിയെന്ന് റിപ്പോര്‍ട്ടുകള്‍. വടക്ക് ബാത്തിന ഗവര്‍ണറേറ്റിൽ ഏഴുപേർ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 11 ആയി. ഞായറാഴ്ച മസ്കത്ത് ഗവർണറേറ്റിലെ അൽ അമീറാത്തിലെ വെള്ളക്കെട്ടിൽ വീണ് ഒരു കുട്ടിയും ,റുസൈൽ ഇൻഡസ്ട്രിയൽ ഏരിയയിൽ കെട്ടിടം തകർന്ന് രണ്ട് ഏഷ്യക്കാരും മരിച്ചിരുന്നു. ഒമാനിലെ വടക്ക്-തെക്കൻ ബാത്തിന ഗവർണറേറ്റുകളിലെ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴയാണ് ഞായറാഴ്ച രാത്രി ലഭിച്ചത്.
അൽ ബാത്തിന ഗവർണറേറ്റിലെ അൽ ഖാബൂറയിൽ ശക്തമായ വെള്ളപ്പൊക്കമാണുണ്ടായത്. സുൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റി താൽകാലികമായി അടച്ചു. വടക്കൻ-തെക്കൻ ബാത്തിനകളിലെ വിദ്യാലയങ്ങൾക്ക് അടുത്ത മൂന്ന് ദിസത്തേക്ക് വിദ്യാഭ്യാസ മന്ത്രാലയം അവധി പ്രഖ്യാപിച്ചു. സ്വകാര്യ മേഖലയിലെ വിദ്യാലങ്ങൾക്കും അവധി ബാധകമായിരിക്കും.