ഇനി ഹര്‍ത്താല്‍ വേണ്ടെന്ന കെപിസിസി തീരുമാനം ചരിത്രപരം; ഒഐസിസി ദമ്മാം റീജിയണല്‍ കമ്മിറ്റി
പൊതുജനത്തിന്റെ വ്യക്തിസ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്ന ഹര്‍ത്താലുകള്‍ കോണ്‍ഗ്രസ് ഇനി പ്രഖ്യാപിക്കില്ലെന്ന കെപിസിസിയുടെ തീരുമാനം ചരിത്രപരമാണെന്ന് ഒഐസിസി ദമ്മാം റീജിയണല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു.
കക്ഷി രാഷ്ട്രീയത്തിനതീതമായ് ജനങ്ങള്‍ സ്വാഗതം ചെയ്യുന്ന തീരുമാനം പ്രഖ്യാപിച്ച കെപിസിസി പ്രസിഡണ്ട് കെ. സുധാകരനെ ദമ്മാം ഒഐസിസി അഭിനന്ദിക്കുന്നുവെന്ന് പ്രസിഡന്റ് ബിജു കല്ലുമലയും ജനറല്‍ സെക്രട്ടറി ഇ. കെ സലിമും പറഞ്ഞു.
‘കേരളത്തിലെ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും കോണ്‍ഗ്രസ്സെടുത്ത ചരിത്രപരമായ തീരുമാനത്തോടൊപ്പം ചേര്‍ന്നുനിന്നുകൊണ്ട് കേരളത്തെ ഹര്‍ത്താല്‍ വിമുക്ത സംസ്ഥാനമായി മാറ്റിയെടുക്കുവാനുള്ള തീരുമാനം കൈക്കൊള്ളണം.
പ്രതിഷേധങ്ങള്‍ അക്രമത്തിനും അരാജകത്വത്തിനുമുള്ള അവസരമായാണ് പലരും കാണുന്നത്. ഹര്‍ത്താല്‍ ദിനങ്ങളില്‍ നടക്കുന്ന അക്രമങ്ങളിലൂടെയും പൊതുമുതല്‍ നശിപ്പിക്കലിലൂടെയും സാക്ഷര കേരളം മറ്റ് സംസ്ഥാനങ്ങളുടെയും വിദേശികളുടെയും മുന്നില്‍ പരിഹാസ്യരാകുന്ന അവസ്ഥയാണ് ഇപ്പോള്‍ നിലവിലുള്ളതെന്നും ദമ്മാം ഒഐസിസി ആവശ്യപ്പെട്ടു.