ദുബായ് ലോട്ടറി; മലയാളിക്ക് 7.91 കോടി രൂപയുടെ ഒന്നാം സമ്മാനം
ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണെയർ നറുക്കെടുപ്പിൽ മലയാളിയായ കോശി വർഗീസിന് സമ്മാനം. ഒരു മില്യൺ യു.എസ് ഡോളർ, കൃത്യമായി പറഞ്ഞാൽ 7,90,81,500 രൂപയാണ് സമ്മാനജേതാവിന് ലഭിക്കുക
സ്ഥിരം ദുബായ് നറുക്കെടുപ്പിൽ ഭാഗ്യ പരീക്ഷിക്കുന്ന വ്യക്തിയാണ് 48 കാരനായ കോശി വർഗീസ്. ‘വർഷങ്ങളായി ഭാഗ്യം പരീക്ഷിക്കുന്ന വ്യക്തിയാണ് ഞാൻ. ഒടുവിൽ ഭാഗ്യം തുണച്ചതിൽ സന്തോഷമുണ്ട്’- കോശി പറഞ്ഞു.
ദുബായ് ലോട്ടറിയിൽ സമ്മാനം നേടുന്ന 195-ാം ഇന്ത്യൻ പൗരനാണ് കോശി വർഗീസ്. 1999 ലാണ് ദുബായ് മില്ലേനിയം മില്യണെയർ ആരംഭിച്ചത്. ഏറ്റവും കൂടുതൽ സമ്മാനം കിട്ടുന്നതും മലയാളികൾക്കാണ്.
മില്ലേനിയം മില്യണെയർ നറുക്കെടുപ്പിന് പിന്നാലെ നാല് അത്യാഡംബര വാഹനങ്ങൾക്കായുള്ള നറുക്കെടുപ്പും നടന്നു. BMW X6 M50i വാഹനം സ്വന്തമാക്കിയത് 52 കാരനായ ഡച്ച് പൗരൻ സലാ അൽ അലിയണ്. ജിദ്ദയിൽ താമസിക്കുന്ന കനേഡിയൻ പൗരൻ യൂസഫ് അൽ അബ്ബാസിന് Mercedes Benz AMG GT 43 യും, BMW R nine T ബൈക്ക് ഇന്ത്യക്കാരനായ അർജുൻ സിംഗിനും ലഭിച്ചു. ഇത് രണ്ടാം തവണയാണ് അർജുന് സമ്മാനം ലഭിക്കുന്നത്.