എമിറേറ്റ്സ് ഐഡിയും പാസ്പോര്‍ട്ടും ഇനി പുതിയ രൂപത്തില്‍
അബുദാബി: യുഎഇയുടെ തിരിച്ചറിയല്‍ കാര്‍ഡായ എമിറേറ്റ്സ് ഐഡിയും പാസ്പോര്‍ട്ടും ഇനി പുതിയ ഡിസൈനില്‍. കൂടുതല്‍ ഡിജിറ്റല്‍ കോഡുകള്‍ ഉള്‍പ്പെടുത്തി എമിറേറ്റ്സ് ഐഡിയുടേയും പാസ്പോര്‍ട്ടിന്റേയും സുരക്ഷ ഉറപ്പു വരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ രൂപം നല്‍കിയിരിക്കുന്നത്. ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റും പ്രധാമന്ത്രിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യുഎഇ കാബിനറ്റ് ഡിസൈന്‍ മാറ്റത്തിന് അംഗീകാരം നല്‍കി.
പാസ്പോര്‍ട്ടും എമിറേറ്റ്സ് ഐഡിയും ഏറ്റവും മികച്ച അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ ഡിസൈനില്‍ ലഭിക്കുന്നത്. വിമാനത്താവളങ്ങളില്‍ പാസ്പോര്‍ട്ടുകള്‍ തിരിച്ചറിയാന്‍ കഴിയുന്ന ഡിജിറ്റല്‍ സുരക്ഷാ കോഡുകള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ ഈ രീതിയില്‍ പാസ്പോര്‍ട്ടിന്റെ സുരക്ഷ ഉറപ്പാക്കുന്ന ആദ്യ അറബ് രാജ്യമായി യുഎഇ മാറിയിരിക്കുന്നു.
മാത്രമല്ല, ഒരു സൈബര്‍ സെക്യൂരിറ്റി കൗണ്‍സില്‍ രൂപീകരിക്കാനും കാബിനറ്റ് തീരുമാനിച്ചു. രാജ്യത്ത് സൈബര്‍ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നയരൂപീകരണവും നിയമനിര്‍മ്മാണവുമാണ് ഒരു സൈബര്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ ചുമതല. ഇത് കൂടാതെ, രാജ്യത്ത് പ്രകൃതി സംരക്ഷണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഒരു പൊതു നയത്തിനും യുഎഇ മന്ത്രിസഭ രൂപം നല്‍കിയിട്ടുണ്ട്