സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം അനിശ്ചിതമായി വൈകുന്നതില്‍ ആശങ്കയുമായി വിദ്യാര്‍ത്ഥികൾ
സ്‌കൂളുകള്‍ നല്‍കുന്ന മാര്‍ക്ക് അംഗീകരിക്കാതെ സിബിഎസ്ഇ മടക്കി അയച്ചതാണ് വൈകാന്‍ കാരണം. മുന്‍വര്‍ഷത്തേക്കാള്‍ മാര്‍ക്ക് കൂടുതല്‍ നല്‍കരുതെന്ന് സ്‌കൂളുകള്‍ക്ക് സിബിഎസ്ഇ നിര്‍ദേശം നല്‍കി.
ജൂലൈ 25നാണ് ആദ്യം ഫലം വരുമെന്ന് അറിയിച്ചത്. പിന്നീടത് 28ന് ആക്കി. ഇന്നലെയും ഫലം വന്നില്ല. കൊവിഡ് ആയതിനാല്‍ പരീക്ഷാ നടത്തിപ്പിന് സിബിഎസ്ഇ പുതിയ മാനദണ്ഡങ്ങള്‍ കൊണ്ടുവന്നിരുന്നു. പരീക്ഷ റദ്ദാക്കിയതിനാല്‍ നിരന്തര മൂല്യനിര്‍ണയത്തിന് ശേഷമായിരിക്കണം ഫലം എന്നും സിബിഎസ്ഇ നിഷ്‌കര്‍ഷിച്ചു.
മുന്‍ വര്‍ഷത്തെ മാര്‍ക്കുകളും പത്താം ക്ലാസ് ഫലത്തില്‍ പരിഗണിക്കണമെന്ന് സിബിഎസ്ഇ പറഞ്ഞിരുന്നു. മുന്‍ വര്‍ഷത്തെ മാര്‍ക്കുകളില്‍ നിന്ന് പത്താം ക്ലാസ് മാര്‍ക്കിന് അന്തരം വന്നപ്പോള്‍ തിരിച്ചയച്ചു. അതേസമയം സംസ്ഥാനം പ്ലസ് വണ്‍ പ്രവേശന നടപടിയുമായി മുന്നോട്ട് പോകുകയാണ്. കഴിഞ്ഞ ദിവസം എസ്എസ്എല്‍സി ഫലം പുറത്തുവിട്ടിരുന്നു.
കൊവിഡിനെ തുടര്‍ന്ന് ഏപ്രില്‍ 15നാണ് സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകള്‍ റദ്ദാക്കിയത്. പ്രീബോര്‍ഡ് പരീക്ഷാ ഫലം, ഇന്റേണല്‍ അസസ്മെന്റ്, യൂണിറ്റ് ടെസ്റ്റുകള്‍ എന്നിവയുടെ മാര്‍ക്ക് അടിസ്ഥാനമാക്കിയാണ് പത്തിലെ മാര്‍ക്ക് നിര്‍ണയിക്കുക.