കിടപ്പ് രോഗിയായ ഭാര്യാപിതാവിനെ യുവാവ് തീകൊളുത്തി കൊന്നു, ഭാര്യയ്ക്കും മകനും ഗുരുതര പരുക്ക്
തളർവാതരോഗിയായ ഭാര്യാപിതാവിനെ മരുമകൻ തീകൊളുത്തി കൊന്നു. മഹാരാഷ്ട്രയിലെ ഗോണ്ടിയിൽ ബുധനാഴ്ചയാണ് സംഭവം. ആക്രമണത്തിൽ ഭാര്യയ്ക്കും മകനും ഗുരുതരമായി പൊള്ളലേറ്റു. പ്രതി കിഷോർ ഷെൻഡെയെ(41) രാംനഗർ പൊലീസ് അറസ്റ്റ് ചെയ്തു.
ഭാര്യ ആരതി ഷെൻഡെ(35) കിഷോറുമായി പിണങ്ങി ഗോണ്ടിയയിലെ സൂര്യതോല പ്രദേശത്തുള്ള പിതാവ് ദേവാനന്ദ് മെശ്രാമിന്റെ(51) വീട്ടിലാണ് താമസിച്ചിരുന്നത്. ഫെബ്രുവരി 14ന് 12.30 ഓടെ പ്രതി ഭാര്യയെയും മകനേയും കാണാൻ വീട്ടിലെത്തി. തുടർന്ന് ഭാര്യയുമായി വാക്കുതർക്കമുണ്ടായി. പിന്നീട് കൈയിൽ കരുതിയിരുന്ന പെട്രോൾ ഒഴിച്ച് ഭാര്യയെയും മകൻ ജയിനെയും തീകൊളുത്തുകയായിരുന്നു. കൂടാതെ തളർവാത രോഗിയായ അമ്മായിയപ്പനെയും തീകൊളുത്തി.
അയൽവാസികളിൽ ചിലർ മെശ്രാമിന്റെ വീട്ടിൽ തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ രാംനഗർ പൊലീസ് സ്റ്റേഷനിലെ ഒരു സംഘം സ്ഥലത്തെത്തി. പരുക്കേറ്റ അമ്മയെയും മകനെയും ഉടൻ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ മെശ്രാമിൻ സംഭവസ്ഥലത്ത് തന്നെ വെന്തുമരിച്ചു. ഭാര്യയ്ക്ക് 80% പൊള്ളലേറ്റു, മകനും ഗുരുതരമായി പരുക്ക് പറ്റിയതായും രാംനഗർ പൊലീസ് പറഞ്ഞു.