‘അന്വേഷണ ഏജൻസികൾ കൂട്ടിലടച്ച തത്തയല്ല’; ആദായ നികുതി റെയ്ഡിനെ അനുകൂലിച്ച് ബിജെപി
ബിബിസി ഓഫീസിലെ റെയ്ഡ് നിയമത്തിന് ആരും അതിരല്ലെന്ന് ബിജെപി. വിദേശ മാധ്യമമാണെങ്കിലും ഇന്ത്യൻ നിയമം അനുസരിക്കണം. രാജ്യത്തെ വിഭജിക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്. ഒരു തെറ്റും ചെയ്തില്ലെങ്കിൽ എന്തിനാണ് ഭയമെന്ന് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ വിമർശിച്ചു .
അന്വേഷണ ഏജൻസികൾ കൂട്ടിലടച്ച തത്തയല്ല. അവരുടെ ജോലിയാണ് ചെയ്യുന്നത്. രാജ്യതാത്പര്യത്തിന് എതിരായ ഡോക്യൂമെന്ററിയെ പ്രതിപക്ഷം പിന്തുണയ്ക്കുന്നു. പ്രധാനമന്ത്രിയുടെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ബിജെപി വിമർശിച്ചു .
ബിബിസി ഓഫീസുകളിൽ ആദായനികുതി വകുപ്പ് നടത്തുന്ന പരിശോധനയിൽ വിമർശനവുമായി സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇപ്പോഴും ഇന്ത്യയെ ജനാധിപത്യത്തിന്റെ മാതാവ് എന്ന് വിളിക്കുന്നു എന്ന പരിഹാസത്തോടെയാണ് യെച്ചൂരി ട്വീറ്റ് പങ്കുവെച്ചത്.
ബിബിസിയുടെ ന്യൂഡൽഹി, മുംബൈ ഓഫീസുകളിലാണ് ആദായ നികുതി വകുപ്പിന്റെ അന്വേഷണം നടക്കുന്നത്. ഇന്ന് രാവിലെ 11.30ഓടെയാണ് പരിശോധനയ്ക്കായി ഉദ്യോഗസ്ഥരെത്തിയത്.ചില രേഖകളും ഫോണുകളും ഉൾപ്പടെ പിടിച്ചെടുത്തതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ നടക്കുന്നത് സർവേയാണെന്നും പരിശോധനയല്ലെന്നും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പ്രതികരിച്ചു. ജീവനക്കാരുടെ ഫോണുകൾ തിരികെ നൽകുമെന്നും ഇവർ പറഞ്ഞു.