കരിപ്പൂരിൽ ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരു കോടിയോളം രൂപയുടെ സ്വർണം പൊലീസ് പിടികൂടി
കരിപ്പൂരിൽ കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ ഒരു കോടിയോളം രൂപയുടെ സ്വർണം പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണ്ണാടക മടികേരി സ്വദേശി റസീഖ് (28), വയനാട് നായിക്കട്ടി സ്വദേശി ഇബ്രാഹിം (50) എന്നിവരാണ് പിടിയിലായത്. ശരീരത്തിൽ ഒളിപ്പിച്ചാണ് ഇരുവരും സ്വർണം കടത്താൻ ശ്രമിച്ചത്.
കഴിഞ്ഞ ദിവസവും നെടുമ്പാശേരിയിലെത്തിയ വിമാനത്തിന്റെ ശുചിമുറിയിൽ നിന്ന് മൂന്നര കിലോ സ്വർണം പിടികൂടിയിരുന്നു. മാലിയിൽ നിന്നെത്തിയ ഇൻഡിഗോ വിമാനത്തിന്റെ ശുചിമുറിയിലാണ് സ്വർണം കണ്ടെത്തിയത്. പിടിച്ചെടുത്ത സ്വർണത്തിന് 1.7 കോടി രൂപ വില വരും. ശുചിമുറിയിൽ പ്രത്യേക അറയുണ്ടാക്കി ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.
ഡി.ആർ.ഐ ആണ് പരിശോധന നടത്തിയത്. കൊച്ചിയില്‍ നിന്ന് ഹെദരാബാദിലേക്കാണ് വിമാനം പോകേണ്ടത് ഉള്ളതിനാൽ ഹൈദരാബാദിലേക്കുള്ള യാത്രക്കാരന് കൈമാറാനാവും സ്വര്‍ണം ഒളിപ്പിച്ചതെന്നാണ് ഡിആര്‍ഐയുടെ വിലയിരുത്തല്‍. അതുകൊണ്ട് തന്നെ ഹൈദരാബാദിലേക്കുള്ള യാത്രക്കാരെല്ലാം നിരീക്ഷണത്തിലാണ്.
വെള്ളിയാഴ്ച്ച നെടുമ്പാശേരി വിമാനത്താവളത്തില്‍ വെച്ചും കടത്താൻ ശ്രമിച്ച സ്വര്‍ണം പിടികൂടിയിരുന്നു. 40 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്. ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ചു കൊണ്ടുവന്ന 805 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. അബുദാബിയില്‍ നിന്നും വന്ന പാലക്കാട് സ്വദേശി റിഷാദില്‍ നിന്നുമാണ് സ്വര്‍ണം പിടിച്ചെടുത്തത്.