Friday, January 10, 2025
Kerala

കുട്ടനാട്ടിലെ സിപിഐഎമ്മിൽ കൂട്ടയടി; അക്രമം നടത്തിയത് ക്വട്ടേഷൻ സംഘാംഗങ്ങളെന്ന് പരുക്കേറ്റവർ

ആലപ്പുഴ കുട്ടനാട്ടിലെ സിപിഐഎമ്മിനുള്ളിലെ വിഭാഗീയത സംഘർഷത്തിൽ കലാശിച്ച സംഭവത്തിൽ പ്രതികരണവുമായി പരിക്കേറ്റ പാർട്ടി പ്രവർത്തകർ രം​ഗത്ത്. അക്രമം നടത്തിയവർ പാർട്ടി അനുഭാവികളായ ക്വട്ടേഷൻ സംഘാംഗങ്ങൾ ആണെന്നാണ് പരിക്കേറ്റവർ പറയുന്നത്. ഇന്നലെ ഉച്ചയ്ക്ക് 12 മണി മുതൽ അക്രമികൾ ഞങ്ങളെ പിന്തുടർന്നിരുന്നുവെന്നും മാമ്പുഴക്കരി ബ്ലോക്ക് ജംഗ്ഷനിൽ വച്ചാണ് മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചതെന്നും ഇവർ വെളിപ്പെടുത്തുന്നു.

സംഭവത്തിൽ രണ്ടുപേരെ കൂടി പിടികൂടാൻ ഉണ്ടെന്നു പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ ഇന്നലെ രാത്രി തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഔദ്യോഗിക വിഭാഗവും വിമത പക്ഷവും മൂന്നിടത്ത് വെച്ചാണ് ഏറ്റുമുട്ടിയത്. നേതാക്കൾ ഉൽപ്പടെ ആറുപേർക്ക് സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രിയോടെയാണ് സംഭവം നടന്നത്.

രാമങ്കരി ലോക്കൽ കമ്മിറ്റിയംഗം ശരവണൻ, ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി രഞ്ജിത് രാമചന്ദ്രൻ എന്നിവരുൾപ്പെടെയുള്ള പാർട്ടി പ്രവർത്തകർക്കാണ് പരിക്കേറ്റത്.തലയ്ക്ക് പരിക്കേറ്റ പ്രവർത്തകരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കമ്പിവടിയും കല്ലും ഉപയോഗിച്ചാണ് പരസ്പരം ആക്രമിച്ചത്.

കുട്ടനാട്ടിലെ കൂട്ടരാജിയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ തുടർച്ചയായാണ് സംഘർഷം. രാമങ്കരിയിൽ നിന്നായിരുന്നു കൂട്ടരാജിയുടെ തുടക്കം. ഏരിയാ കമ്മിറ്റിയംഗമുൾപ്പെടെ 42 പേർ രാജിവെച്ചത് സി.പി.ഐ.എം നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ കുട്ടനാട് ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള വിവിധ ലോക്കൽ കമ്മിറ്റിക്ക് കീഴിലുള്ള ബ്രാഞ്ചുകളിൽ നിന്ന് 300-ൽ അധികം പേർ രാജിവെച്ചിരുന്നു. തുടർന്ന് നേതൃത്വം ഇടപെട്ട് പരാതി കേൾക്കുകയും സംഭവം രമ്യമായി പരിഹരിക്കാമെന്ന് ഉറപ്പുനൽകിയതോടുംകൂടി പ്രശ്നങ്ങള് ഒതുങ്ങി നിൽക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *