ഭർത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് പുറത്തുകടന്നു; ചാടിയത് വെന്റിലേറ്ററിന്റെ ഗ്രിൽ തകർത്ത്
കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് കൊലപാതക കേസിലെ പ്രതി പുറത്ത് കടന്നു.മലപ്പുറം വേങ്ങരയിൽ ഭർത്താവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ബീഹാർ സ്വദേശി പൂനം ദേവിയാണ് പുറത്ത് കടന്നത്.ഫോറെൻസിക് വാർഡിലെ ശുചി മുറിയുടെ വെന്റിലേറ്ററിന്റെ ഗ്രിൽ ഒരു ഇഷ്ടിക കൊണ്ട് കുത്തിയിളക്കിയാണ് പൂനം ദേവി കടന്നു കളഞ്ഞത്. അർധരാത്രിയോടെയാണ് സംഭവം നടന്നത്. പൂനം ദേവിയെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
12.30ഓടെയാണ് കൊലക്കേസ് പ്രതി മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് പുറത്തുകടന്നത്. ഫോറൻസിക് വാർഡ് അഞ്ചാം നമ്പരിലാണ് ഇവരെ പാർപ്പിച്ചിരുന്നത്. കഴിഞ്ഞ മാസം 31നാണ് കാമുകനുമായി ചേർന്ന് ഇവർ ഭർത്താവിനെ കൊലപ്പെടുത്തുന്നത്. ഇതിനുശേഷം ഇവർ മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.
പൂനം ദേവിയെ കിടത്തി ചികിത്സിക്കേണ്ടതുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസമാണ് ഇവരെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്. 3.30ന് ശേഷമാണ് ഇവർ കുതിരവട്ടത്തെത്തിയത്. മണിക്കൂറുകൾക്കുള്ളിൽ ഇവർ വെന്റിലേറ്റർ വഴി പുറത്തുകടക്കുകയായിരുന്നു.