പിരമിഡുകളുടെ ബഹിരാകാശ ചിത്രങ്ങൾ പങ്കുവച്ച് നാസ
ഈജിപ്തിന്റെ ഉപഗ്രഹ ചിത്രങ്ങൾ പങ്കുവച്ച് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. ഭൂമിയിലെ മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നുള്ള ചിത്രങ്ങളാണ് നാസ പങ്കുവച്ചിട്ടുള്ളത്. അവയിലൊന്ന് ഈജിപ്തിലെ പിരമിഡുകളുടെ ചിത്രങ്ങളാണ്. ഭൂമിക്ക് മുകളിൽ 409 കിലോമീറ്റർ അകലെ നിന്നുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെയാണ് നാസ പുറത്തുവിട്ടത്.
“ലോകത്തിന് ഇപ്പോൾ വേണ്ടത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ അതുല്യമായ പോയിന്റിൽ നിന്ന് പകർത്തിയ ഭൂമിയിലെ കാഴ്ചകൾ. ജപ്പാൻ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലോറേഷൻ ഏജൻസിയുടെ ബഹിരാകാശയാത്രികനായ കൊയിച്ചി വകാത്തയാണ് ലെൻസിന്റെ പിന്നിലെ ഫോട്ടോഗ്രാഫർ.” – ചിത്രങ്ങൾ പങ്കിട്ട് നാസ കുറിച്ചു.
ആദ്യ ചിത്രമായി നാസ പങ്കിടുന്നത് പൂർണമായും മഞ്ഞുമൂടിയ റഷ്യയിലെ ബൈക്കൽ തടാകമാണ്. രണ്ടാമത്തെ ചിത്രം പോർച്ചുഗലിലെ ലിസ്ബണിന്റേതാണ്. ഈജിപ്തിലെ കെയ്‌റോയിലെ പിരമിഡുകൾ മൂന്നാമത്തെ ചിത്രം. ഇവയെല്ലാം ഫെബ്രുവരി 4 ന് പകർത്തിയതാണെന്നും നാസ അറിയിക്കുന്നു. അപൂർവ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.