12 ദിവസം ബഹിരാകാശ നിലയത്തില്‍; ആദ്യ സിനിമ പിടിച്ച് റഷ്യന്‍ സംഘം തിരിച്ചെത്തി
മോസ്കോ: സിനിമാ ചിത്രീകരണത്തിനായി ബഹിരാകാശത്തേക്ക് പോയ റഷ്യൻ സംഘം തിരിച്ചെത്തി. 12 ദിവസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തങ്ങിയ സംഘം ഇന്ത്യൻ സമയം ഞായറാഴ്ച രാവിലെ പത്ത് മണിയോടെയാണ് കസാഖ്സ്താനിൽ തിരിച്ചിറങ്ങിയത്.
ചലഞ്ച് എന്ന് പേരിട്ട സിനിമയുടെ ചിത്രീകരണത്തിനായി റഷ്യൻ നടി യൂലിയ പെരെസിൽഡും നിർമാതാവും സംവിധായകനുമായ ക്ലിം ഷിപെൻകോയുമാണ് ബഹിരാകാശ യാത്ര നടത്തിയത്. ഹൃദ്രോഗംവന്ന് ബഹിരാകാശനിലയത്തിൽ അകപ്പെട്ടുപോയ സഞ്ചാരിയെ രക്ഷിക്കാൻ വനിതാ സർജനെ അയക്കുന്ന കഥ പ്രമേയമാക്കിയുള്ള സിനിമയാണ് ചലഞ്ച്. ബഹിരാകാശത്ത് നടന്ന ആദ്യ സിനിമാ ചിത്രീകരണമായിരുന്നു ഇത്.
കസാഖ്സ്താനിലെ ബൈകനൂരിൽനിന്ന് ഈ മാസം തുടക്കത്തിലാണ് സംഘം ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ചത്. ഇവർക്കൊപ്പം യാത്ര തിരിച്ച ബഹിരാകാശ യാത്രികനായ ആന്റണൻ ഷിപെൻകോക്ക് ബഹിരാകാശ നിലയത്തിൽ തുടരും.
യു.എസിനെ മറികടന്നാണ് റഷ്യൻ സംഘം ബഹിരാകാശത്ത് ആദ്യസിനിമ ചിത്രീകരികരണം പൂർത്തിയാക്കി തിരിച്ചെത്തിയത്. സ്പേസ് എക്സ് സ്ഥാപകൻ എലൺ മസ്കിനും നാസയ്ക്കും ഒപ്പംചേർന്ന് ഹോളിവുഡ് സൂപ്പർതാരം ടോം ക്രൂസ് ബഹിരാകാശത്ത് സിനിമ ചിത്രീകരിക്കുമെന്ന് ഇക്കൊല്ലമാദ്യം പ്രഖ്യാപിച്ചിരുന്നു. ഇവരെയാണ് റഷ്യ കടത്തിവെട്ടിയത്.