ട്രാൻസ്ജെൻഡർ പങ്കാളികൾക്ക് ആശംസകൾ നേർന്ന് മന്ത്രി വീണാ ജോർജ്
ട്രാൻസ്ജെൻഡർ പങ്കാളികളായ സിയയ്ക്കും സഹദിനും ആശംസകൾ നേർന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സിയയെ ഫോണിൽ വിളിച്ചാണ് മന്ത്രി സന്തോഷം പങ്കുവച്ചത്. കോഴിക്കോട് വരുമ്പോൾ നേരിൽ കാണാമെന്നും മന്ത്രി പറഞ്ഞു. മന്ത്രി നേരിട്ട് വിളിച്ചതിലുള്ള സന്തോഷം സിയയും പങ്കുവച്ചു.
കോഴിക്കോട് മെഡിക്കൽ കോളേജ് ഐ.എം.സി.എച്ച്. സൂപ്രണ്ടുമായും മന്ത്രി സംസാരിച്ചു. സഹദും കുഞ്ഞും സുഖമായി ഇരിക്കുന്നതായി സൂപ്രണ്ട് അറിയിച്ചു. ഇരുവർക്കും വേണ്ട എല്ലാ ചികിത്സയും സൗജന്യമായി ചെയ്തു കൊടുക്കാൻ മന്ത്രി സൂപ്രണ്ടിന് നിർദേശം നൽകി. മുലപ്പാൽ ബാങ്കിൽ നിന്നും കുഞ്ഞിന് ആവശ്യമായ പാൽ കൃത്യമായി നൽകാൻ ജാഗ്രത വേണമെന്നും മന്ത്രി അറിയിച്ചു.
കോഴിക്കോട് മെഡിക്കൽ കോളേജ് ഐ.എം.സി.എച്ചിൽ പ്രസവം കഴിഞ്ഞ് ചികിത്സയിൽ കഴിയുകയാണ് സഹദ്. സഹദിന്റെ പ്രസവത്തിനായി ഡോക്ടർമാരുടെ പ്രത്യേക പാനൽ രൂപീകരിച്ചിരുന്നു. ഹോസ്പിറ്റലിൽ പ്രത്യേക റൂമും അനുവദിച്ചു. രാവിലെ പ്രമേഹം കൂടിയതിനാൽ സിസേറിയൻ വേണ്ടി വന്നു. ആരോഗ്യനില തൃപ്തികരമായതിനാൽ സഹദിന് നാല് ദിവസത്തിനകം ആശുപത്രി വിടാവുന്നതാണ്.