കാസർഗോഡ് ടൗൺ പൊലീസ് സ്റ്റേഷനിലെ എസ്.ഐയുടെ ചെവി കടിച്ചുമുറിച്ച യുവാവ് അറസ്റ്റിൽ
കാസർഗോഡ് ടൗൺ പൊലീസ് സ്റ്റേഷനിലെ എസ്.ഐയുടെ ചെവി കടിച്ചുമുറിച്ച യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. കസ്റ്റഡിയിലെടുത്ത പ്രതിയെ പൊലീസ് വാഹനത്തിൽ സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് എസ്.ഐയെ ആക്രമിച്ചത്. മധൂർ അറന്തോട്ടെ സ്റ്റാനി റോഡ്രിഗസാണ് (48) അറസ്റ്റിലായത്. എസ്.ഐ എം.വി. വിഷ്ണുപ്രസാദിന്റെ ചെവിയാണ് കടിച്ചുമുറിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വാറണ്ട് പ്രതിയെ പിടികൂടാൻ പോയി തിരിച്ചുവരുകയായിരുന്നു എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം. ഈ സമയത്താണ് ഉളിയത്തടുക്കയിൽ കാറും ബൈക്കും തമ്മിലുരസിയതിനെ തുടർന്ന് പ്രശ്നം നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. വലിയ ആൾക്കൂട്ടം കണ്ട് ജീപ്പ് നിർത്തിയിട്ടപ്പോൾ ബൈക്ക് റൈഡർ ആയ സ്റ്റാനി റോഡ്രിഗസ് കഞ്ചാവ് ലഹരിയിൽ ചീത്തവിളിക്കുകയും റോഡ് ഷോ നടത്തുകയും ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇയാൾ ഓടിച്ചുവന്ന ബൈക്ക് കാറിൽ ഇടിച്ച് അപകടമുണ്ടായതിനെ തുടർന്നാണ് ഇവിടെ ആളുകൾ തടിച്ചുകൂടിയത്.
ഗതാഗത തടസമുണ്ടാക്കി ഷോ കാണിച്ച യുവാവിനോട് എസ്ഐ മാറിനിൽക്കാൻ ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായ യുവാവാണ് ബഹളം വയ്ക്കുകയും എസ്.ഐയുടെ യൂണിഫോം വലിച്ചുകീറുകയും ചെയ്തത്. പൊലീസ് സംഘം സ്റ്റാനിയെ ബലമായി പിടികൂടി ജീപ്പിൽ കൊണ്ടുപോകുന്നതിനിടെയാണ് എസ്.ഐയുടെ ചെവി കടിച്ച് മുറിച്ചത്. എസ്.ഐ എം.വി. വിഷ്ണുപ്രസാദ് കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.