ബജറ്റില്‍ കിഫ്ബിക്ക് പുതിയ പദ്ധതികളില്ല; സഹായം നിലവിലെ പദ്ധതികള്‍ക്ക്
കിഫ്ബിക്ക് പുതിയ പദ്ധതികളെ പ്രഖ്യാപിക്കാതെ ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ രണ്ടാം സമ്പൂര്‍ണ ബജറ്റ്. കിഫ്ബിയുടെ കീഴിലെ നിലവിലെ പദ്ധതികള്‍ക്ക് മാത്രമാണ് ധനസഹായം നല്‍കിയത്.
സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് അത്ഭുതകരമായ വേഗം നല്കിയ സ്ഥാപനമാണ് കിഫ്ബിയെന്ന് ധനമന്ത്രി പറഞ്ഞു. പതിറ്റാണ്ടുകള്‍ക്കപ്പുറത്ത് മാത്രം സാധ്യമായിരുന്ന വികസനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കിഫ്ബിക്ക് കഴിഞ്ഞു. നിലവില്‍ 74,009.55 കോടിയുടെ 993 ബൃഹത് പദ്ധതികള്‍ക്ക് കിഫ്ബി അംഗീകാരം നല്‍കിയിട്ടുണ്ട്. ഇതില്‍ 54000 കോടിയുടെ 986 പദ്ധതികള്‍ നിര്‍വഹണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. 6201 പദ്ധതികളുടെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ടെന്നും ധനമന്ത്രി ബജറ്റ് അവതരണത്തില്‍ പറഞ്ഞു.
201718 വര്‍ഷത്തില്‍ കിഫ്ബി പദ്ധതികള്‍ക്കായി ചിലവഴിച്ചത് 442.67 കോടി രൂപയാണ്. 2018-19 ല്‍ 1069 കോടി രൂപയും 2019-20 ല്‍ 3502.50 കോടിയും
2020-21 ല്‍ 5484.81 കോടി രൂപയും 2021-22 ല്‍ 8459.47 കോടി രൂപയും 2022-23 ല്‍ 3842.89 കോടിയും ചിലവഴിച്ചു. നാളിതുവരെ 22,801 കോടിയിലധികം രൂപ
വിവിധ പദ്ധതികള്‍ക്കായി കിഫ്ബി നല്‍കിക്കഴിഞ്ഞു.
കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് മാത്രമായി 2870 കോടി രൂപയുടെ പദ്ധതിക്കാണ് കിഫ്ബി അംഗീകാരം നല്‍കിയിട്ടുള്ളത്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി 860 സ്കൂള്‍ കെട്ടിടങ്ങളുടെ നിര്‍മാണം കിഫ്ബി വഴി ഏറ്റെടുക്കുകയും 288 എണ്ണം പൂര്‍ത്തീകരിക്കുകയും ചെയ്തു. 44,705 ഹൈടെക് ക്ലാസ്മുറികളും 11,257 ഹൈടെക് ലാബുകളും വിദ്യാലയങ്ങളില്‍ കിഫ്ബി ലഭ്യമാക്കി.
എന്നാല്‍ കിഫ്ബിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് കെ എന്‍ ബാലഗോപാല്‍ വിമര്‍ശിച്ചു. കണ്ടിജന്റ് ബാധ്യതയായ കിഫ്ബിയുടെ കടമെടുപ്പിനെ സംസ്ഥാനത്തിന്റെ പൊതുകടമായി പരിഗണിക്കുന്ന തെറ്റായ സമീപനം തിരുത്തണം. വിഷയത്തില്‍ കേരളത്തിന്റെ എതിര്‍പ്പ് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.