Friday, January 10, 2025
National

ഇന്ത്യയുടെ ബജറ്റിലേക്ക് ലോകം കണ്ണും നട്ടിരിക്കുന്നു; പ്രധാനമന്ത്രി

ആഗോള അനിശ്ചിതത്വത്തിനിടയില്‍ ഇന്ത്യയുടെ ബജറ്റിലേക്ക് ലോകം കണ്ണും നട്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്നത്തെ പ്രസംഗം രാഷ്ട്രപതിയുടെ ആദ്യ പാര്‍ലമെന്റ് പ്രസംഗമാണ്. ഗോത്രസമൂഹത്തിന് ഇത് അഭിമാന ദിവസമാണ്. ആഗോള സമ്പദ് വ്യവസ്ഥയുടെ ഉജ്വലഇടമാകും ഇന്ത്യയുടെ ബജറ്റ് എന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രസിഡന്റ് ദ്രൗപതി മുര്‍മു സംയുക്ത സമ്മേളനത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്യുകയാണ്. തുടര്‍ന്ന് 2023-24 സാമ്പത്തിക വര്‍ഷത്തെ സര്‍വേ മേശപ്പുറത്ത് വയ്ക്കും. ധനമന്ത്രി നിര്‍മല സീതാരാമന്‍ സാമ്പത്തിക സര്‍വേ അവതരിപ്പിക്കും. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ ചൈനീസ് സംഘര്‍ഷം ചര്‍ച്ച ചെയ്യാന്‍ ആകില്ലെന്നും അതിര്‍ത്തിയിലെ സാഹചര്യത്തില്‍ ആശങ്ക വേണ്ടെന്നും സര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗത്തില്‍ അറിയിച്ചിരുന്നു.

നാളെ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കും. 2024 ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പായുള്ള അവസാന സമ്പൂര്‍ണ്ണ ബജറ്റ് ആണ് ഇത്തവണ അവതരിപ്പിക്കുന്നത്.ബിബിസി ഡോക്യുമെന്ററി വിവാദം അടക്കമുള്ള വിഷയങ്ങളില്‍ ബജറ്റ് സമ്മേളനവും പ്രക്ഷുബ്ധമാകും. ഗവര്‍ണര്‍ – സര്‍ക്കാര്‍ ഏറ്റുമുട്ടലും ബിബിസി ഡോക്യുമെന്ററി വിവാദവും ബജറ്റ് സമ്മേളനത്തില്‍ ഉന്നയിക്കുമെന്ന് സര്‍വ്വകക്ഷിയോഗത്തില്‍ തന്നെ പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര നയങ്ങളില്‍ പ്രതിഷേധിച്ചു രാഷ്ട്രപതിയുടെ പ്രസംഗം ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്. അതേ ബിബിസി ഡോക്യുമെന്ററി വിഷയം ആദ്യ ദിവസം തന്നെ ഉന്നയിക്കാനാണ് ഡിഎംകെയുടെ തീരുമാനം.

ഡോക്യുമെന്ററി വിവാദത്തോടൊപ്പം അദാനി വിഷയവും സഭയില്‍ ഉന്നയിക്കുമെന്ന് സിപിഐഎം വ്യക്തമാക്കിയിട്ടുണ്ട്. ഭാരത് ജോഡോ യാത്രയെ തുടര്‍ന്ന് സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കാതിരുന്ന കോണ്ഗ്രസ് ഇന്ന് പാര്‍ലിമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്ന് സഭയില്‍ സ്വീകരിക്കേണ്ട നയ സമീപനങ്ങള്‍ ചര്‍ച്ച ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *