Thursday, January 9, 2025
National

മമത സര്‍ക്കാരിനെ ഗവര്‍ണര്‍ പരിധിവിട്ട് സംരക്ഷിക്കുന്നെന്ന് ബിജെപി; സി വി ആനന്ദബോസിനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസ് മമത ബാനര്‍ജി സര്‍ക്കാരിനെ പരിധിവിട്ട് സംരക്ഷിക്കുന്നതായി ബംഗാളിലെ ബിജെപി നേതൃത്വം. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഗവര്‍ണറെ അടിയന്തരമായി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. ഇതോടെ ബംഗാളില്‍ ഗവര്‍ണര്‍-ബിജെപി പോര് കടുക്കുകയാണ്.

ഭരണഘടനാപരമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് മുന്നോട്ടുപോകുമെന്നായിരുന്നു അധികാരം ഏറ്റെടുത്ത് ആദ്യ ദിവസം തന്നെ സി വി ആനന്ദബോസ് വ്യക്തമാക്കിയിരുന്നത്. ഇതിന് പിന്നാലെ സര്‍ക്കാരിനെ ഗവര്‍ണര്‍ പരിധിവിട്ട് സംരക്ഷിക്കുകയാണെന്ന് ബിജെപി ആക്ഷേപിക്കുകയായിരുന്നു. ബിജെപി ഇതര സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് നടക്കുന്നതിനിടെയാണ് ബംഗാളില്‍ ഗവര്‍ണറെ സംരക്ഷിച്ച് സര്‍ക്കാര്‍ രംഗത്ത് എത്തിയിരിക്കുന്നത്.സര്‍ക്കാരുമായി ഗവര്‍ണര്‍ പരിധിവിട്ട് അടുപ്പം കാണിക്കുന്നു എന്നാണ് ബിജെപി പരാതി.

രാജ്ഭവന്‍ സംഘടിപ്പിച്ച സരസ്വതി പൂജ ചടങ്ങ് ബിജെപി ബഹിഷ്‌കരിച്ചിരുന്നു.ഗവര്‍ണര്‍ ഉയര്‍ത്തിയ ജയ് ബംഗ്ലാ മുദ്രാവാക്യവും ബിജെപി ഗവര്‍ണര്‍ പോര് മുറുകുന്നതിന് കാരണമായി.ബംഗാളി ഭാഷ പഠിക്കാന്‍ താത്പര്യം ഉണ്ടെന്നും മുഖ്യമന്ത്രി സഹായിക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടതിനെ മുഖ്യമന്ത്രി സ്വാഗതം ചെയ്തതും ബിജെപി ആയുധമാക്കി. മുഖ്യമന്ത്രിയെ അധ്യാപികയാക്കി ഭാഷ പഠിക്കുന്നത് നല്ല പ്രവണത അല്ലെന്നും ബിജെപി വിമര്‍ശിച്ചിരുന്നു.സംസ്ഥാന നേതൃത്വത്തിന്റെ പരാതി പരിശോധിക്കാനാണ് ഗവര്‍ണറെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചതെന്നാണ് സൂചന.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി കൂടിക്കാഴ്ചയ്ക്കും സാധ്യതയുണ്ട്. അതേസമയം സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനാണ് ഡല്‍ഹിയിലെത്തിയത് എന്നാണ് ഗവര്‍ണറുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

Leave a Reply

Your email address will not be published. Required fields are marked *