ജഡ്ജിമാരുടെ പേരിൽ കോഴ; കൊച്ചി സിറ്റി പോലിസ് കമ്മീഷണറുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് ഉടൻ കൈമാറും
ജഡ്ജിമാരുടെ പേരിൽ കോഴ വാങ്ങിയ സംഭവത്തിൽ കൊച്ചി സിറ്റി പോലിസ് കമ്മീഷണറുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് ഉടൻ കൈമാറും. ആരോപണവിധേയനായ അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂരിനെ ഉൾപ്പടെ കഴിഞ്ഞ ദിവസങ്ങളിൽ ചോദ്യം ചെയ്തിരുന്നു. കോഴ വാങ്ങിയിട്ടില്ലെന്നും അഭിഭാഷക ഫീസ് മാത്രമാണ് വാങ്ങിയതെന്നുമാണ് ചോദ്യം ചെയ്യലിൽ സൈബി ആവർത്തിച്ചത്. കോഴ നൽകിയ നിർമ്മാതാവ് ഉൾപ്പടെ ഉള്ളവരുടെ മൊഴിയും രേഖപെടുത്തിയിട്ടുണ്ട്. ഇന്ന് വൈകീട്ടോ നാളെ രാവിലെയോ ഡിജിപിക്ക് കൊച്ചി സിറ്റി പോലിസ് കമ്മിഷണർ റിപ്പോർട്ട് സമർപ്പിക്കും. ഡിജിപിക്ക് നൽകുന്ന റിപ്പോർട്ടിന്റെയും ഹൈക്കോടതി വിജിലൻസ് റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലായിരിക്കും തുടർ നടപടികൾ.
സൈബി ജോസിനെതിരെ 72 ലക്ഷം രൂപയുടെ കോഴ ആരോപണമുണ്ട്. ജഡ്ജിമാരുടെ പേരിലാണ് കോഴ വാങ്ങിയതെന്ന ആരോപണവും സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. ഇതിനിടെ സൈബിക്കെതിരെ അഭിഭാഷക സംഘടനകൾ രംഗത്തെത്തിയിരുന്നു. ഹൈക്കോടതി അഭിഭാഷക സംഘടയുടെ പ്രസിഡന്റ് സ്ഥാനം ഒഴിയണമെന്നാണ് ആവശ്യം.