Thursday, January 23, 2025
Kerala

‘മരിച്ചത് പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിന് അഞ്ച് മാസം മുമ്പ്’; കൊല്ലപ്പെട്ട പിഎഫ്‌ഐ പ്രവര്‍ത്തകന്റെ കുടുംബത്തിനും ജപ്തി നോട്ടീസ്

പാലക്കാട് എലപ്പുള്ളിയിൽ കൊല്ലപ്പെട്ട പിഎഫ്‌ഐ പ്രവര്‍ത്തകന്‍ സുബൈറിന് ജപ്‌തി നോട്ടീസ്. പിഴയടച്ചില്ലെങ്കിൽ മുഴുവന്‍ സ്വത്തുകളും ജപ്തി ചെയ്യുമെന്നാണ് നോട്ടീസിലുള്ളത്.സുബൈർ കൊല്ലപ്പെട്ടത് 2022 ഏപ്രിൽ 15 ന്. പിഎഫ്ഐ ഹർത്താൽ നടന്നത് 2022 സെപ്റ്റംബർ 23 നാണ്. പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനും അഞ്ച് മാസം മുമ്പ് 2022 ഏപ്രില്‍ 15 നാണ് എലപ്പുള്ളിയിലെ സുബൈര്‍ കൊല്ലപ്പെട്ടത്.

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ ഉണ്ടായ നാശനഷ്ടം കണക്കിലെടുത്ത് ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് സംസ്ഥാന വ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്ഥാവര ജംഗമ വസ്തുക്കള്‍ കണ്ടുകെട്ടുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്.

എന്നാല്‍ പിഎഫ്ഐ സ്വത്ത് കണ്ടുകെട്ടലിൽ മുസ്ലിം ലീഗ് ഉൾപ്പെട്ടത് പിഴവെന്ന് സമ്മതിക്കാതെ സർക്കാർ. മലപ്പുറത്തെ ജപ്‌തി നടപടിയിൽ ആക്ഷേപങ്ങൾ ഉണ്ടായെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പിഎഫ്ഐ ബന്ധമില്ലെന്ന് നോട്ടീസ് കിട്ടിയവർ പറയുന്നതിന്റെ വസ്തുത പരിശോധിക്കും.

ആക്ഷേപങ്ങൾ പരിശോധിച്ച് പരിഹാരം കാണുമെന്ന് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. നേതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടിയതിന്റെ വിവരങ്ങളടങ്ങിയ റിപ്പോർട്ട് സമർപ്പിച്ചു. ഏറ്റവും കൂടുതൽ നടപടി മലപ്പുറം ജില്ലയിൽ(126). കുറവ് കൊല്ലത്ത് (1) പാലക്കാട് (23) കോഴിക്കോട് (22) തൃശൂർ (18) വയനാട് (11) എന്നിങ്ങനെയാണ്.

Leave a Reply

Your email address will not be published. Required fields are marked *