വൈദ്യുത ഗ്രിഡിൽ തകരാർ, പാകിസ്താൻ ഇരുട്ടിൽ
രാജ്യത്തെ ദേശീയ വൈദ്യുത ഗ്രിഡിൽ തകരാർ വന്നതിനെ തുടർന്ന് ഇരുട്ടിലായി പാകിസ്ഥാൻ. ലാഹോറും ഇസ്ലാമാബാദും കറാച്ചിയും അടക്കമുള്ള വൻ നഗരങ്ങൾ ഇന്ന് രാവിലെ മുതൽ ഇരുട്ടിലാണ്. ദേശീയ വൈദ്യുത ഗ്രിഡിൽ ഇന്ന് രാവിലെ 7:37ന് ( ഇന്ത്യൻ സമയം രാവിലെ 8 മണിയോടടുത്ത് ) വോൾടേജ് വ്യതിയാനം ഉണ്ടായെന്ന് പാകിസ്താൻ ഊർജ മന്ത്രാലയം ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ വഴി അറിയിച്ചിട്ടുണ്ട്. ഈ വ്യതിയാനമാണ് ദേശീയ തലത്തിൽ വൈദ്യുതി ബന്ധം നഷ്ടപ്പെടാൻ കാരണമെന്നും ഈ പ്രശ്നം ഉടൻ തന്നെ പരിഹരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടണ്ട്.
വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടാൻ കാരണം ആവൃത്തി വ്യതിയാനമെന്ന് പാകിസ്താന്റെ വൈദ്യുത മന്ത്രി ഖുർറം ദസ്താഗിർ പാകിസ്താൻ ചാനൽ ജിയോ ടിവിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ഇതൊരു വലിയ പ്രതിസന്ധി അല്ലെന്ന് അദ്ദേഹം സൂചിപ്പിച്ചു. പന്ത്രണ്ട് മണിക്കൂറിനുള്ളിൽ രാജ്യത്തെ പ്രതിസന്ധി പരിഹരിക്കുമെന്ന് ആദം ഉറപ്പ് നൽകി.
എന്നാൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന രാജ്യം വൈദ്യുത മേഖലയിൽ സ്വീകരിച്ച നടപടികളാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. വൈദ്യുതിയുടെ ഉപഭോഗം കുറവുള്ള ശൈത്യകാലത്ത് രാത്രികളിൽ സാമ്പത്തിക നടപടി എന്ന രീതിയിൽ വൈദ്യുത ഉല്പാദന യൂണിറ്റുകൾ താൽക്കാലികമായി അടച്ചുപൂട്ടാനുള്ള തീരുമാനം ഉണ്ടായിരുന്നു. തിങ്കളാഴ്ച യൂണിറ്റുകൾ പ്രവർത്തന ക്ഷമമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് ഇടയിലാണ് ദാദുവിനും ജംഷോറോക്കും ഇടയിലുള്ള ഗ്രിഡുകളിൽ വോൾടേജ് വ്യതിയാനം ഉണ്ടായതെന്നാണ് റിപോർട്ടുകൾ.