ധോണി ആനയ്ക്ക് പാപ്പാനെ കണ്ടെത്താനുള്ള ശ്രമവുമായി വനംവകുപ്പ്
ഇന്നലെ പിടിയിലായ പിടി സെവന്‍ എന്ന ധോണി ആനയ്ക്ക് പാപ്പാനെ കണ്ടെത്താനുള്ള ശ്രമത്തില്‍ വനംവകുപ്പ്. ഇന്നലെ രാത്രി മുഴുവന്‍ ധോണി കൂടിനുള്ളില്‍ അസ്വസ്ഥനായിരുന്നെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. രണ്ടാഴ്ച കൊണ്ടേ ധോണിയെ കുങ്കിയാന ആക്കി മാറ്റാന്‍ കഴിയുമോ എന്ന് തീരുമാനിക്കാനാകൂ.
ധോണി ഫോറെസ്റ്റ് സ്റ്റേഷനിലെ യുകാലിപ്റ്റസ് കൂട്ടിലാണ് താനെന്ന് ധോണി അറിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ കൂട് മറികടക്കാന്‍ പലവിധ ശ്രമങ്ങള്‍ കൊമ്പന്‍ നടത്തുന്നുമുണ്ട്. ഇന്നലെ രാത്രി മുഴുവന്‍ അസ്വസ്ഥനായിരുന്നെങ്കിലും കൊമ്പന്‍ ഇന്ന് പകല്‍ ശാന്തനായി.ഡോ അരുണ്‍ സക്കറിയ വയനാട്ടിലേക്ക് മടങ്ങും മുന്‍പ് കൊമ്പനെ നിരീക്ഷിക്കാന്‍ വീണ്ടുമെത്തി. ആനയുടെ ആരോഗ്യ സ്ഥിതി തൃപ്തികരമെന്നും കുങ്കിയാനയാക്കാന്‍ പറ്റുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അരുണ്‍ സക്കറിയ ട്വന്റിഫോറിനോട് പറഞ്ഞു.
ഇന്നും നാട് കുലുക്കിയ കൊമ്പനെ കാണാന്‍ നിരവധി പേരാണ് ധോണിയിലെത്തിയത്. അധികം വൈകാതെ പ്രത്യേക റേഷന്‍ ഭക്ഷണമടക്കം ധോണിക്ക് നല്‍കി തുടങ്ങും.