പിടി 7നെ പിടികൂടിയത് ശ്രമകരമായ ദൗത്യം; രാത്രി മുഴുവന്‍ ആനയെ കണ്ടെത്താനുള്ള ശ്രമമായിരുന്നു; ഡോ. അരുണ്‍ സക്കറിയ
പാലക്കാട് ധോണിയില്‍ ജനവാസ മേഖലകളില്‍ ഭീതി പടര്‍ത്തിയ കൊമ്പന്‍ പിടി 7നെ പിടികൂടിയത് ശ്രമകരമായ ദൗത്യമായിരുന്നെന്ന് ദൗത്യസംഘത്തലവന്‍ ഡോ. അരുണ്‍ സക്കറിയ. ഇന്നലെ രാത്രി മുഴുവന്‍ ആനയെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ഉദ്യോഗസ്ഥര്‍. പി ടി സെവന്റെ സഞ്ചാരപാത കൃത്യമായി മനസിലാക്കാന്‍ കഴിഞ്ഞത് സഹായകരമായെന്നും ഡോ അരുണ്‍ സക്കറിയ പറഞ്ഞു.
ആന തിരികെക്കയറുമ്പോള്‍ സ്ഥലം മനസിലാക്കി കൃത്യമായി മയക്കുവെടി വയ്ക്കാന്‍ കഴിഞ്ഞത് അനുകൂലമായി. പി ടി സെവനെ പിടിക്കാന്‍ കഴിഞ്ഞത് ദൗത്യ സംഘാംഗങ്ങളുടെ കൂട്ടായ്മയുടെ വിജയമാണെന്നും അരുണ്‍ സക്കറിയ പ്രതികരിച്ചു.
‘എണ്ണയിട്ട യന്ത്രം പോലെയാണ് ദൗത്യസംഘത്തിലുണ്ടായിരുന്നവര്‍ പ്രവര്‍ത്തിച്ചത്. നിലവില്‍ ആന പൂര്‍ണമായും മയക്കം വിട്ടിട്ടുണ്ട്. ആനയുടെ ആരോഗ്യനിലയും തൃപ്തികരമാണ്. പി ടി സെവനെ കുങ്കിയാനയാക്കി മാറ്റാം എന്നാണ് പ്രതീക്ഷിക്കുന്നത്. ആനയ്ക്ക് പരുക്ക് പറ്റാത്ത വിധം പ്രത്യേക രീതിയിലാണ് കൂട് തയ്യാറാക്കിയിരിക്കുന്നത്. വിദഗ്ധ ചികിത്സയും പരിചരണവും ഉറപ്പാക്കുമെന്നും ഡോക്ടര്‍ അരുണ്‍ സക്കറിയ പ്രതികരിച്ചു.
അരുണ്‍ സക്കറിയ ഉള്‍പ്പെടെ സംഘത്തിലുണ്ടായിരുന്ന എല്ലാവര്‍ക്കും വനംമന്ത്രി അഭിനന്ദനങ്ങളറിയിച്ചു. ധോണിയില്‍ നേരിട്ടെത്തിയായിരുന്നു മന്ത്രിയുടെ വാക്കുകള്‍. ദൗത്യസംഘത്തെ, മന്ത്രി എം ബി രാജേഷ് പൊന്നാട അണിയിക്കുകയും ചെയ്തു. ആനയെ കോന്നിയിലേക്ക് അയക്കുമെന്ന പ്രചാരണം തെറ്റാണെന്ന് വനംമന്ത്രി പറഞ്ഞു. ആനയെ ധോണിയില്‍ വച്ച് തന്നെ പരിശീലിപ്പിച്ച് മെരുക്കിയെടുക്കാനാണ് തീരുമാനം. കോന്നിയിലേക്ക് കൊണ്ടുപോകേണ്ടതില്ല. അത്തരം പ്രചാരണങ്ങള്‍ തെറ്റാണ്. ശാസ്ത്രീയമായി നിരീക്ഷിച്ച് ചെയ്യേണ്ട കാര്യങ്ങളില്‍ അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തില്‍ ഊഹാപോഹം നടത്തരുതെന്നും എ കെ ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ന് രാവിലെ 7.10 ഓടെയായിരുന്നു പി ടി സെവനെ മയക്കുവെടി വച്ചത്. ഇടത് ചെവിക്ക് താഴെയായിരുന്നു വെടിയേറ്റത്. തുടര്‍ന്ന് കുങ്കി ആനകളായ ഭരതനും വിക്രമനും ഇടത്തും വലത്തും നിന്നും സുരേന്ദ്രന്‍ പിറകില്‍ നിന്നും തള്ളി പി.ടി സെവനെ ലോറിയില്‍ കയറ്റി. മുണ്ടൂരിലെ അനുയോജ്യമായ സ്ഥലത്ത് പി.ടി സെവനെ കണ്ടെത്തിയ വിവരം ആദ്യ സംഘം അറിയിച്ചതിന്റെ പശ്ചാത്തലത്തില്‍ ഉള്‍വനത്തിലെത്തിയ ദൗത്യസംഘമാണ് മയക്കുവെടി വച്ചത്.
പിടികൂടിയ ആനയെ ധോണിയിലെ ഫോറെസ്റ്റ് സ്റ്റേഷനിലെ പ്രത്യേക കൂട്ടിലേക്ക് മാറ്റുകയാണ് ചെയ്തത്. നാട് വിറപ്പിച്ച കൊമ്പനെ പിടികൂടിയെന്നെ വാര്‍ത്ത ആഹ്ലാദ ആരവത്തോടെയാണ് ജനങ്ങള്‍ ഒന്നടങ്കം കേട്ടത്. പടക്കം പൊട്ടിച്ചും വനം വകുപ്പിന് ജയ് വിളിച്ചും നാട്ടുകള്‍ ആഹ്ലാദം പങ്കുവെച്ചു.