Saturday, October 19, 2024
National

ഗുസ്തി ഫെഡറേഷനെതിരായ താരങ്ങളുടെ സമരം അവസാനിപ്പിച്ചു

ഗുസ്തി ഫെഡറേഷനെതിരായ താരങ്ങളുടെ സമരം അവസാനിപ്പിച്ചു. അനുരാഗ് ഠാക്കൂറും സമരക്കാരും തമ്മിൽ നടത്തിയ ചർച്ചയിലാണ് സമവായമായത്. അന്വേഷണം കഴിയും വരെ ബ്രിജ് ഭൂഷൻ മാറിനിൽക്കും. അതേസമയം, ബ്രിജ് ഭൂഷൻ വിളിച്ച് വാർത്തസമ്മേളനം മാറ്റിവച്ചു.

നാലാഴ്ചത്തേക്കാണ് ബിജെപി എംപിയും ഇന്ത്യൻ ഗുസ്തി അസോസിയേഷന്റെ പ്രസിഡന്റുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ ഗുസ്തി സംഘടനയിൽ നിന്ന് അന്വേഷണവിധേയമായി മാറ്റനിർത്തുന്നത്. കേന്ദ്രമന്ത്രിയുടെ നേതൃത്വത്തിൽ രൂപീകരിച്ച മേൽനോട്ട സമിതി റിപ്പോർട്ട് സമർപ്പിക്കാൻ നാലാഴ്ചയാണ് സമയമെടുക്കുക. അതുവരെ സിംഗിനെ മാറ്റനിർത്തുമെന്നും സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് പോരാട്ടത്തിന്റെ ഓരോ ഘട്ടത്തിലും പിന്തുണ നൽകുമെന്നും കായിക മന്ത്രി വ്യക്തമാക്കി.

ലൈംഗിക അതിക്രമവും സാമ്പത്തിക ക്രമക്കേടുമുൾപ്പെടെ എല്ലാ ആരോപണങ്ങളും ആഴത്തിൽ പരിശോധിക്കും. അതിന് ശേഷം നടപടിയെടുക്കുമെന്നും അനുരാഗ് ഠാക്കൂർ പറഞ്ഞു. ബ്രിജ് ഭൂഷൺ സിംഗിനെതിരെ ലൈംഗിക ആരോപണവും ഫണ്ട് ദുരുപയോഗം ചെയ്യലും ചൂണ്ടിക്കാണിച്ചാണ് ഗുസ്തി താരങ്ങൾ സമരം നടത്തുന്നത്. ഏഴ് മണിക്കൂറിൽ അധികമാണ് ഇന്ന് ഗുസ്തി താരങ്ങളുമായി കേന്ദ്രമന്ത്രി കൂടിക്കാഴ്ച നടത്തിയത്. അന്വേഷണം പൂർത്തിയാകാനെടുക്കുന്ന സമയം വരെ റെസ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ദൈനംദിന പ്രവർത്തനങ്ങളും വിലയിരുത്തും.

ഓരോ ഘട്ടത്തിലും ഗുസ്തിക്കാർക്കൊപ്പമുണ്ടെന്ന് കേന്ദ്രമന്ത്രി ഉറപ്പുനൽകിയതായി ഒളിമ്പിക് മെഡൽ ജേതാവ് ബജ്രംഗ് പുനിയ പറഞ്ഞു. പ്രധാനമന്ത്രിയും കായികതാരങ്ങളെ എപ്പോഴും പിന്തുണച്ചിട്ടുണ്ടെന്നും പുനിയ കൂട്ടിച്ചേർത്തു. ശരൺ സിംഗിനെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ ഏഴംഗ സമിതിയെയും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ചുമതലപ്പെടുത്തിയിട്ടുണ്ട്. മേരി കോം, ഡോല ബാനർജി, അളകനന്ദ അശോക്, യോഗേശ്വർ ദത്ത്, സഹദേവ് യാദവ് എന്നിവരാണ് സമിതിയിലെ അംഗങ്ങൾ.

Leave a Reply

Your email address will not be published.