Saturday, October 19, 2024
Sports

വനിതാ താരങ്ങളുടെ ലൈംഗികാരോപണം; റെസ്ലിങ്ങ് ഫെഡറേഷൻ പ്രസിഡൻ്റ് ബ്രിജ്ഭൂഷൺ ശരൺ സിംഗ് രാജിവെച്ചേക്കും

റെസ്ലിങ്ങ് ഫെഡറേഷൻ പ്രസിഡൻ്റ് ബ്രിജ്ഭൂഷൺ ശരൺ സിംഗ് രാജിവെച്ചേക്കും. വനിതാ ഗുസ്തി താരങ്ങൾ ലൈംഗികാരോപണം ഉയർത്തി സമരം ചെയ്യുന്നതിൻ്റെ പശ്ചാത്തലത്തിലാണ് ബ്രിജ്ഭൂഷൺ ശരൺ സിംഗ് രാജിവെച്ചേക്കുമെന്ന സൂചന ഉയരുന്നത്. 24 മണിക്കൂറിനുള്ളിൽ രാജിവെക്കണമെന്ന് കായികമന്ത്രാലയം ബ്രിജ്ഭൂഷൺ സിംഗിനോട് ആവശ്യപ്പെട്ടിരുന്നതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കൈസർഗഞ്ജിലെ ബിജെപി എംപി കൂടിയാണ് ബ്രിജ്ഭൂഷൺ ശരൺ സിംഗ്.

ഗുസ്തി താരങ്ങളുടെ ആരോപണത്തിൽ ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റ് പിടി ഉഷ പ്രതികരിച്ചിരുന്നു. ഡൽഹിയിലെ ജന്തർ മന്തറിൽ ഗുസ്തി താരങ്ങളുടെ കനത്ത പ്രതിഷേധം തുടരുന്നതിനിടയിലാണ് തന്റെ സ്വകാര്യ ട്വിറ്റർ ഹാൻഡിലൂടെ ഒളിമ്പ്യൻ പിടി ഉഷ നയം വ്യക്തമാക്കിയത്.

ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷന്റെ പ്രസിഡന്റ് എന്ന നിലയിൽ അംഗങ്ങൾക്ക് ഇടയിൽ ഗുസ്തിതാരങ്ങളുടെ വിഷയം ഉന്നയിച്ചു എന്ന് പിടി ഉഷ തന്റെ ട്വിറ്റർ ഹാന്റിലിലൂടെ അറിയിച്ചു. കായികതാരങ്ങളുടെ ക്ഷേമമാണ് ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷന്റെ പ്രഥമ പരിഗണന എന്ന് അവർ വ്യക്തമാക്കിയിട്ടുണ്ട്. കായികതാരങ്ങളോട് മുന്നോട്ട് വരാനും അവരുടെ പ്രശ്‍നങ്ങൾ പങ്കുവെക്കാനും അഭ്യർത്ഥിക്കുന്നതായും ഒളിമ്പ്യൻ കൂട്ടിച്ചേർത്തു.

താരങ്ങൾക്ക് നീതി ഉറപ്പാക്കാൻ പൂർണതോതിലുള്ള ഒരു അന്വേഷണം നടത്തും. ഭാവിയിൽ ഇത്തരം സാഹചര്യങ്ങൾ നേരിടുന്നതിനായും തീരുമാനങ്ങൾ എടുക്കുന്നതിനായും ഒരു പ്രത്യേക സമിതി രൂപീകരിക്കാനും ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ടെന്നും പിടി ഉഷ വ്യക്തമാക്കി.

ഒളിമ്പിക്‌സ് മെഡൽ ജേതാക്കളായ ബജ്‌റംഗ് പുനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് എന്നിവരെ ഉൾപ്പെടുത്തിയാണ് കഴിഞ്ഞ ദിവസം പ്രതിഷേധം ആരംഭിച്ചത്. സർക്കാർ ഉറപ്പ് മാത്രമാണ് നൽകിയിട്ടുള്ളതെന്നും തൃപ്തികരമായ ഉത്തരമില്ലെന്നും പ്രതിഷേധക്കാർ പറഞ്ഞു. റസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ പിരിച്ചുവിടണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. കേരളം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ വനിത ഗുസ്തി താരങ്ങൾക്കും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് പ്രതിഷേധക്കാർ വെളിപ്പെടുത്തിയിരുന്നു.

അതിനിടെ സമരത്തിന് പിന്തുണയുമായി എത്തിയ സിപിഐഎം പി ബി അംഗം ബൃന്ദ കാരാട്ടിനെ വേദിയിൽ നിന്ന് താരങ്ങൾ മടക്കി. സമരത്തിന് രാഷ്ട്രീയം ഇല്ലെന്ന് വ്യക്തമാക്കിയാണ് താരങ്ങൾ വൃന്ദ കാരാട്ടിനെ മടക്കിയത്. താരങ്ങളെ രാഷ്ട്രീയ ലക്ഷ്യത്തോടെയല്ല സന്ദർശിച്ചതെന്ന് ബൃന്ദ കാരാട്ട് വ്യക്തമാക്കി.

Leave a Reply

Your email address will not be published.