ലൈംഗികാരോപണം; അന്വേഷണം അവസാനിക്കുന്നത് വരെ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെ മാറ്റിനിര്‍ത്തുമെന്ന് കേന്ദ്ര കായികമന്ത്രി
ബിജെപി എംപിയും ഇന്ത്യന്‍ ഗുസ്തി അസോസിയേഷന്റെ പ്രസിഡന്റുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ് ഗുസ്തി സംഘടനയില്‍ നിന്ന് അന്വേഷണവിധേയമായി മാറിനില്‍ക്കുമെന്ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍. നാലാഴ്ചത്തേക്കാണ് സംഘടനയില്‍ നിന്ന് ശരണ്‍ സിംഗിനെ മാറ്റനിര്‍ത്തുന്നത്. കേന്ദ്രമന്ത്രിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച മേല്‍നോട്ട സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നാലാഴ്ചയാണ് സമയമെടുക്കുക. അതുവരെ സിംഗിനെ മാറ്റനിര്‍ത്തുമെന്നും സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്ക് പോരാട്ടത്തിന്റെ ഓരോ ഘട്ടത്തിലും പിന്തുണ നല്‍കുമെന്നും കായിക മന്ത്രി വ്യക്തമാക്കി.
ലൈംഗിക അതിക്രമവും സാമ്പത്തിക ക്രമക്കേടുമുള്‍പ്പെടെ എല്ലാ ആരോപണങ്ങളും ആഴത്തില്‍ പരിശോധിക്കും. അതിന് ശേഷം നടപടിയെടുക്കുമെന്നും അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. ബ്രിജ് ഭൂഷണ്‍ സിംഗിനെതിരെ ലൈംഗിക ആരോപണവും ഫണ്ട് ദുരുപയോഗം ചെയ്യലും ചൂണ്ടിക്കാണിച്ചാണ് ഗുസ്തി താരങ്ങള്‍ സമരം നടത്തുന്നത്. ഏഴ് മണിക്കൂറില്‍ അധികമാണ് ഇന്ന് ഗുസ്തി താരങ്ങളുമായി കേന്ദ്രമന്ത്രി കൂടിക്കാഴ്ച നടത്തിയത്. അന്വേഷണം പൂര്‍ത്തിയാകാനെടുക്കുന്ന സമയം വരെ റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളും വിലയിരുത്തും.
ഓരോ ഘട്ടത്തിലും ഗുസ്തിക്കാര്‍ക്കൊപ്പമുണ്ടെന്ന് കേന്ദ്രമന്ത്രി ഉറപ്പുനല്‍കിയതായി ഒളിമ്പിക് മെഡല്‍ ജേതാവ് ബജ്രംഗ് പുനിയ പറഞ്ഞു. പ്രധാനമന്ത്രിയും കായികതാരങ്ങളെ എപ്പോഴും പിന്തുണച്ചിട്ടുണ്ടെന്നും പുനിയ കൂട്ടിച്ചേര്‍ത്തു. ശരണ്‍ സിംഗിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഏഴംഗ സമിതിയെയും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. മേരി കോം, ഡോല ബാനര്‍ജി, അളകനന്ദ അശോക്, യോഗേശ്വര്‍ ദത്ത്, സഹദേവ് യാദവ് എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.