ദേശീയ പതാകയുടെ അന്തസ്സ് ഉറപ്പുവരുത്തണം, റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി കേന്ദ്രം
73-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന് മുന്നോടിയായി ത്രിവർണ പതാകയുടെ അന്തസ്സ് ഉറപ്പുവരുത്തണമെന്ന് കേന്ദ്ര നിർദ്ദേശം. ആവശ്യമായ നടപടി സ്വീകരിക്കാൻ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.
2002 ലെ ഫ്ലാഗ് കോഡ്, 1971 ലെ ദേശീയ ബഹുമതിക്കുള്ള അപമാനം തടയൽ എന്നിവയെ പരാമർശിച്ച് സാംസ്കാരിക, കായിക പരിപാടികൾ ഉൾപ്പെടെ പ്രധാനപ്പെട്ട പരിപാടികളിൽ ദേശീയ പതാകയുടെ അന്തസ്സ് ഉറപ്പുവരുത്തണം എന്നാണ് നിർദ്ദേശം. പൊതുജനങ്ങൾ കടലാസിൽ നിർമ്മിച്ച ദേശീയ പതാക വീശണമെന്നും മന്ത്രാലയം ഉപദേശിച്ചു.
പരിപാടിക്ക് ശേഷം പൊതുജനങ്ങൾ ഉപയോഗിക്കുന്ന പേപ്പർ പതാകകൾ ഉപേക്ഷിക്കപ്പെടുകയോ നിലത്ത് വലിച്ചെറിയുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാനും മന്ത്രാലയം ആവശ്യപ്പെട്ടു. അത്തരം പതാകകൾ സ്വകാര്യമായി, പതാകയുടെ അന്തസ്സിന് അനുസൃതമായി നീക്കം ചെയ്യണമെന്നും കൂട്ടിച്ചേത്തു. ഇലക്ട്രോണിക്, അച്ചടി മാധ്യമങ്ങൾ ഉൾപ്പെടെ പരസ്യങ്ങളിലൂടെ ഒരു ബഹുജന ബോധവൽക്കരണ പരിപാടി നടത്തണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.