‘ജമ്മു കശ്മീരിൽ ഭീകരവാദം സജീവം, പാകിസ്താനുമായി ചർച്ച നടത്തിയാൽ മാത്രമേ അവസാനിപ്പിക്കാനാകൂ’: ഫാറൂഖ് അബ്ദുള്ള
ബിജെപിക്കെതിരെ ആഞ്ഞടിച്ച് നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ള. രാജ്യത്തിന്റെ അഖണ്ഡതയെ അപകടത്തിലാക്കി വിദ്വേഷം പ്രചരിപ്പിക്കുന്നു. കശ്മീരി പണ്ഡിറ്റുകൾക്കേറ്റ മുറിവുണങ്ങാൻ വിദ്വേഷത്തിന് പകരം സ്‌നേഹം നൽകണമെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു. ജമ്മു കശ്മീരിൽ തീവ്രവാദം സജീവമാണെന്നും പാകിസ്താനുമായി ചർച്ച നടത്തിയാൽ മാത്രമേ അത് അവസാനിപ്പിക്കാനാകൂവെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു.
‘രാജ്യത്ത് തീവ്രവാദം സജീവമാണ്. പാകിസ്താനുമായി സംസാരിക്കാൻ തയ്യാറാകുന്നതു വരെ അത് അവസാനിക്കില്ല. 16 തവണ നമ്മുടെ അതിർത്തി കടന്ന് ഇറങ്ങിയ ചൈനയോട് നിങ്ങൾക്ക് സംസാരിക്കാൻ കഴിയുമ്പോൾ എന്തിനാണ് പാകിസ്താമായുള്ള ചർച്ചയിൽ നിന്ന് പിന്മാറുന്നത്?’- മുൻ മുഖ്യമന്ത്രി കൂടിയായ അബ്ദുള്ള മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഭീകരവാദം അവസാനിപ്പിക്കാൻ ശ്രമം തുടരേണ്ടതുണ്ട്. പക്ഷേ ബിജെപി സർക്കാർ വിമുഖത കാണിക്കുന്നു. വോട്ട് ബാങ്ക് ലക്ഷ്യമിട്ട് വിദ്വേഷം പരത്തുകയാണ് ബിജെപി. പാകിസ്താനിൽ താമസിക്കുന്ന ഹിന്ദുക്കളുടെയും ഇന്ത്യയിലെ മുസ്ലീങ്ങളുടെയും സുരക്ഷയെക്കുറിച്ച് ശ്രദ്ധിക്കാതെയാണ് വിദ്വേഷം പടർത്തുന്നത്. ജനങ്ങളുടെ ഹൃദയത്തിൽ നിന്ന് വിദ്വേഷം നീക്കിയില്ലെങ്കിൽ, ഇന്ത്യയുടെ അഖണ്ഡതയ്ക്ക് ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.