ഇരട്ട സഹോദരങ്ങൾ മണിക്കൂറുകളുടെ വ്യത്യാസത്തിൽ സമാനമായ സാഹചര്യത്തിൽ മരിച്ചു
രാജസ്ഥാൻ: ഇരട്ടകളായ 26 വയസ്സുള്ള സഹോദരങ്ങളെ മണിക്കൂറുകളുടെ വ്യത്യാസത്തിൽ സമാന സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. രാജസ്ഥാനിലാണ് സംഭവം. ഇരട്ട സഹോദരങ്ങളായ സുമർ സിംഗ്, സോഹർ സിംഗ് എന്നിവരാണ് മരിച്ചത്. സുമർ സിംഗ് രാജസ്ഥാനിലെ ബർമറിലാണ് താമസിച്ചിരുന്നത്. സോഹൻ സിംഗ് അവിടെ നിന്നും 900 കിലോമീറ്റർ ദൂരത്തുള്ള സൂറത്തിലും. സൂറത്തിലെ വീട്ടിൽ വെച്ച് ടെറസിൽ നിന്ന് കാൽ വഴുതി വീണാണ് സുമർ സിംഗിന്റെ മരണം.
സഹോദരന്റെ മരണവിവരമറിഞ്ഞെത്തിയ സോഹനെ പിറ്റേന്ന് രാവിലെ വാട്ടർ ടാങ്കിൽ വീണ് മരിച്ച നിലയിൽ കുടുംബാംഗങ്ങൾ കണ്ടെത്തുകയായിരുന്നു. ഒരേ ചിതയിലാണ് സോഹനെയും സുമറിനെയും സംസ്കരിച്ചത്. ഇവരുടെ സ്വദേശത്തായിരുന്നു സംസ്കാര ചടങ്ങുകൾ. ഗുജറാത്തിലെ ടെക്സ്റ്റൈൽ സിറ്റിയിലെ ജീവനക്കാരനായിരുന്നു സുമർ. ജയ്പൂരിൽ ഗ്രേഡ് 2 ടീച്ചേഴ്സ് റിക്രൂട്ട്മെന്റിനുള്ള തയ്യാറെടുപ്പിലായിരുന്നു സോഹൻ.
”ബുധനാഴ്ച രാത്രി ടെറസിൽ ഫോൺ ചെയ്തു കൊണ്ടിരിക്കുന്ന സമയത്ത് അബദ്ധത്തിൽ കാൽ വഴുതി വീണാണ് സുമർ മരണപ്പെട്ടത്. ബുധനാഴ്ചയാണ് സംഭവം നടന്നത്. സഹോദരന്റെ മരണവിവരം അറിഞ്ഞ് വീട്ടിലെത്തിയ സോഹൻ പിറ്റേന്ന് വ്യാഴാഴ്ച രാവിലെ വാട്ടർ ടാങ്കിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രണ്ടാമത്തെ സംഭവത്തിൽ ആത്മഹത്യയാണോ എന്നതിൽ അന്വേഷണം നടത്തി വരികയാണ്.” ബർമാരിലെ സിന്ദാരി പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ സുരേന്ദ്ര സിംഗ് പറഞ്ഞു.