വിഴിഞ്ഞം തീരശോഷണം: പഠനത്തിന് വിദഗ്ധ സമിതി പരിഗണിക്കേണ്ട വിഷയങ്ങൾ നിശ്ചയിച്ചു, പ്രദേശങ്ങളിൽ വ്യക്തതയില്ല
തിരുവനന്തപുരം : വിഴിഞ്ഞത്ത് തീരശോഷണം പഠിക്കാനുള്ള വിദഗ്ധ സമിതിക്കുള്ള പരിഗണനാ വിഷയങ്ങൾ സർക്കാർ നിശ്ചയിച്ചു. ഏതൊക്കെ പ്രദേശങ്ങളിൽ തുറമുഖ നിർമാണം മൂലം തീരശോഷണമുണ്ടായി, പരിഹാര മാർഗങ്ങൾ തുടങ്ങിയവയാണ് സമിതിക്കുള്ള ടെംസ് ഓഫ് റെഫറൻസുകൾ. എന്നാൽ തീരശോഷണം പഠിക്കേണ്ട പ്രദേശങ്ങൾ കൃത്യമായി അടയാളപ്പെടുത്താതെയാണ് സർക്കാർ ഉത്തരവ്. സമരം തീർന്ന് ഒരു മാസം പിന്നിടുമ്പോഴാണ് വിദഗ്ധ സമിതിയുടെ പരിഗണന വിഷയങ്ങളിൽ തീരുമാനമായത്. വിഴിഞ്ഞം തുറമുഖ നിർമാണ കാലയളവിൽ, പദതി ബാധിത പ്രദേശത്ത് തീരശോഷണം ഉണ്ടായിട്ടുണ്ടോ, ഉണ്ടായെങ്കിൽ ഏത് അറ്റം വരെ, പരിഹാര മാർഗങ്ങൾ, വിഴിഞ്ഞം തുറമുഖ നിർമാണം മൂലം മത്സ്യബന്ധനമേഖലയിലും സമുദ്ര ആവാസവ്യവസ്ഥയിലും ഉണ്ടായ മാറ്റങ്ങൾ എന്നിവയാണ് വിദഗ്ധ സമിതി പഠിക്കുക. ബന്ധപ്പെട്ട കക്ഷികളയുമായി വിദഗ്ധ സമിതി ചർച്ച നടത്തണം. നാല് മാസത്തിനുള്ളിൽ ഇടക്കാല റിപ്പോർട്ടും.ആറ് മാസത്തിനുള്ളിൽ അന്തിമ റിപ്പോർട്ടും സമർപ്പിക്കണം
എന്നാൽ പദ്ധതി ബാധിത പ്രദേശം എന്നല്ലാതെ തീരശോഷണം പഠിക്കേണ്ട ദൂരം ഉത്തരവിൽ രേഖപ്പെടുത്തിയിട്ടില്ല. പഠിക്കേണ്ട ദൂരം വിദഗ്ദ്ധ സമിതിക്ക് നിശ്ചയിക്കാമെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ കൃത്യമായി ദൂരം രേഖപ്പെടുത്താത്തത് തീരശോഷണം രൂക്ഷമായ മേഖലകളെ പഠനത്തിൽ നിന്ന് ഒഴിവാക്കാൻ വേണ്ടിയെന്ന ആശങ്കയാണ് സമര സമിതി ഉന്നയിക്കുന്നത്. ഒക്ടോബർ ആദ്യമാണ് തീരശോഷണം പഠിക്കാനുള്ള വിദഗ്ധ സമിതിയെ രൂപീകരിച്ച് സർക്കാർ ഉത്തരവിറക്കിയത്. സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷന്റെ മുൻ അഡി. ഡയറക്ടർ എം.ഡി.കുന്ദലെയാണ് സമിതിയുടെ അധ്യക്ഷൻ. സർക്കാർ നിശ്ചയിച്ച സമിതിക്ക് ബദലായി ലത്തീൻ അതിരൂപത നിയോഗിച്ച വിദഗ്ധ സമിതിയും പഠനം തുടരുകയാണ്.