കഞ്ചവാല കേസ് : ഒരു പ്രതി കൂടി അറസ്റ്റിൽ
ഡൽഹിയെ ഞെട്ടിച്ച കഞ്ചവാല കേസിൽ ഒരു പ്രതി കൂടി അറസ്റ്റിൽ. ആറാം പ്രതി അഷുതോഷാണ് അറസ്റ്റിലായത്. അപകടത്തിൽപെട്ട കാറിന്റെ ഉടമയാണ് അഷുതോഷ്. ഏഴാം പ്രതിയായ അങ്കുഷിന് വേണ്ടി തെരച്ചിൽ തുടരുകയാണ്.
അതിനിടെ, കഞ്ചവാല കേസിൽ പൊലീസ് അന്വേഷണത്തിൽ കൊല്ലപ്പെട്ട അഞ്ജലിയുടെ കുടുംബം അതൃപ്തി രേഖപ്പെടുത്തിയതിന് പിന്നാലെ പ്രതികൾക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തിയിരിക്കുകയാണ് ഡൽഹി പൊലീസ്. പ്രതികൾക്കെതിരെ ക്രിമിനൽ ഗൂഢാലോചന, തെളിവു നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ കൂടിയാണ് ചുമത്തിയത്.
പെൺകുട്ടിയുടെ മൃതദേഹം വാഹനത്തിന് അടിയിൽ ഉണ്ടെന്ന് കണ്ടതിനു പിന്നാലെ പ്രതികൾ തെളിവുകൾ നശിപ്പിക്കാൻ ശ്രമങ്ങൾ നടത്തിയതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. മറ്റ് രണ്ടു പേരുടെ സഹായം കൂടി പ്രതികൾക്ക് ഇക്കാര്യത്തിൽ ലഭിച്ചതായി പോലീസിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. പ്രതികളുടെ മൊഴിയിൽ പൊരുത്തക്കേട് ഉണ്ടെന്നും അതിനാൽ ഇനിയും വിശദമായ ചോദ്യം ചെയ്യൽ ആവശ്യമാണെന്നും പോലീസ് അറിയിച്ചു. പ്രതികളുടെ കസ്റ്റഡി കാലാവധി രോഹിണി കോടതി 4 ദിവസത്തേക്ക് കൂടി നീട്ടിയിരുന്നു.