ആമസോണില്‍ കൂട്ടപ്പിരിച്ചുവിടല്‍; 18,000 ജീവനക്കാര്‍ പുറത്തേക്ക്
കൂട്ടപ്പിരിച്ചുവിടല്‍ സംബന്ധിച്ച വാര്‍ത്തകള്‍ സ്ഥിരീകരിച്ച് ആമസോണ്‍. 18,000 ജീവനക്കാരെ പിരിച്ചുവിടാനാണ് ആമസോണ്‍ തീരുമാനിച്ചിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് കൂട്ടപ്പിരിച്ചുവിടലെന്ന് ആമസോണ്‍ സിഇഒ ആന്‍ഡി ജസി പറഞ്ഞു.
പിരിച്ചുവിടാനിരിക്കുന്ന ജീവനക്കാര്‍ക്ക് ജനുവരി 18 മുതല്‍ നിര്‍ദേശം നല്‍കുമെന്ന് ആന്‍ഡി ജെസി പറയുന്നു. കമ്പനിയുടെ കോര്‍പറേറ്റ് ജീവനക്കാരില്‍ 6 ശതമാനം പേരെയാണ് ഒറ്റയടിക്ക് പിരിച്ചുവിടുന്നത്. കമ്പനിയ്ക്ക് 300,000 ഓളം കോര്‍പറേറ്റ് ജീവനക്കാരാണുള്ളത്.
ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി കുറേയേറെ ജീവനക്കാരെ പിരിച്ചുവിടുമെന്ന് കഴിഞ്ഞ വര്‍ഷം ആമസോണ്‍ അറിയിച്ചിരുന്നു. പിരിച്ചുവിടുന്ന ജീവനക്കാര്‍ക്ക് മറ്റ് പ്ലേയ്സ്മെന്റുകള്‍ ഉറപ്പാക്കുമെന്ന് ഉള്‍പ്പെടെ ആമസോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
സാമ്പത്തിക പ്രതിസന്ധിയ്ക്കൊപ്പം മുന്‍ വര്‍ഷങ്ങളില്‍ അമിതമായി ജീവനക്കാരെ നിയമിച്ചതും കമ്പനിയെ ബുദ്ധിമുട്ടിലാക്കിയെന്നാണ് ആന്‍ഡി ജസി പറയുന്നത്. സെയില്സില് നിന്ന് മാത്രം 8,000ല്‍ അധികം ജീവനക്കാരെ പിരിച്ചുവിടുകയാണെന്നും കമ്പനി വ്യക്തമാക്കി