നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനം തകർക്കുമെന്ന് ഭീഷണി; സുരക്ഷ ശക്തമാക്കി
മഹാരാഷ്ട്രയിലെ നാഗ്പൂരിലുള്ള രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർഎസ്എസ്) ആസ്ഥാനം തകർക്കുമെന്ന് ഭീഷണി. അജ്ഞാത ഭീഷണിക്ക് പിന്നാലെ സുരക്ഷ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു. ആസ്ഥാനത്തിന് സമീപം താമസിക്കുന്നവരുടെ നീക്കങ്ങളും സുരക്ഷാ സേന നിരീക്ഷിക്കുന്നുണ്ട്.
ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പൊലീസ് കൺട്രോൾ റൂമിലേക്ക് അജ്ഞാത ഫോൺകോൾ വന്നത്. ആർഎസ്എസ് ആസ്ഥാനത്ത് സ്ഫോടനം നടത്തുമെന്നായിരുന്നു ഭീഷണി. എന്നാൽ ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡും (ബിഡിഡിഎസ്) ഡോഗ് സ്ക്വാഡും പരിസരം വിശദമായി പരിശോധിച്ചെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ലെന്ന് ഡിസിപി സോൺ III ഗോരഖ് ഭാമ്രെ പറഞ്ഞു.
മുൻകരുതൽ നടപടിയെന്ന നിലയിൽ പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ടെന്നും വിളിച്ചയാളെ തിരിച്ചറിയാൻ പൊലീസ് ഫോൺ നമ്പർ ട്രാക്ക് ചെയ്യുന്നുണ്ടെന്നും ഡിസിപി പറഞ്ഞു. കേന്ദ്ര റിസർവ് ഫോഴ്സിന്റെയും നാഗ്പൂർ പൊലീസിന്റെയും സൈനികർക്ക് പുറമേ സുരക്ഷാ നടപടിയായി ആസ്ഥാനത്ത് അധിക സേനയെ വിന്യസിച്ചിട്ടുണ്ട്.