കള്ളപ്പണം വെളുപ്പിക്കൽ; മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രി ജയിൽ മോചിതനായി
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 13 മാസത്തോളം ജയിലിൽ കഴിഞ്ഞ മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് മുംബൈ ജയിലിൽ നിന്ന് പുറത്തിറങ്ങി. 12 മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്യലിന് ഒടുവിൽ 2021 നവംബർ 2 നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അനിൽ ദേശ്മുഖിനെ അറസ്റ്റ് ചെയ്തത്. ആദ്യം ഇഡി കേസിലും പിന്നീട് സിബിഐ കേസിലും ജാമ്യം ലഭിച്ചതോടെയാണ് ദേശ്മുഖ് ജയിൽ മോചിതനായത്.
ബോംബെ ഹൈക്കോടതിയുടെ എം.എസ് കാർണികിന്റെ ബെഞ്ചാണ് അനിൽ ദേശ്മുഖിന് ജാമ്യം അനുവദിച്ചത്. ബുധനാഴ്ച ഉച്ചയോടെ അനിൽ ദേശ്മുഖ് ആർതർ റോഡ് ജയിലിൽ നിന്ന് പുറത്തിറങ്ങി. “എനിക്ക് ജുഡീഷ്യറിയിൽ പൂർണ വിശ്വാസമുണ്ട്…. എന്നെ കള്ളക്കേസിൽ കുടുക്കിയതായി ഹൈക്കോടതി നിരീക്ഷിച്ചു” മുംബൈ ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം അനിൽ ദേശ്മുഖ് പറഞ്ഞതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.
മോചനത്തിന് മുന്നോടിയായി സുപ്രിയ സുലെ, സംസ്ഥാന അധ്യക്ഷൻ ജയന്ത് പാട്ടീൽ, അജിത് പവാർ, ഛഗൻ ഭുജ്ബൽ തുടങ്ങിയ എൻസിപി നേതാക്കൾ അദ്ദേഹത്തെ സ്വാഗതം ചെയ്യാൻ ആർതർ റോഡ് ജയിലിന് പുറത്ത് തടിച്ചുകൂടി. ദേശ്മുഖ് ഒരു വർഷത്തിലേറെയായി ജയിലിൽ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹത്തിനെതിരെ ചുമത്തിയ കുറ്റങ്ങളൊന്നും കോടതിയിൽ തെളിയിക്കാനായില്ലെന്നും ജയിലിന് പുറത്ത് കാത്തുനിൽക്കുന്ന എൻസിപി നേതാക്കൾ പറഞ്ഞു.