Friday, January 10, 2025
Gulf

യുഎഇയിൽ പരക്കെ മഴ; ഓറഞ്ച് , യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു

യുഎഇയിൽ പരക്കെ മഴയ്ക്ക് സാധ്യതയെന്ന് നാഷ്ണൽ സെന്റർ ഓഫ് മെറ്റീരിയോളജി. രാജ്യത്തുടനീളം മഞ്ഞ, ഓറഞ്ച് അലേർട്ടുകൾ പ്രഖ്യാപിച്ചു. മഴയത്ത് പുറത്തിറങ്ങുമ്പോഴും വാഹനമോടിക്കുമ്പോഴും ശ്രദ്ധിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

യുഎഇയിലെ വിവിധയിടങ്ങളിൽ ഇന്നലെയും പരക്കെ മഴ ലഭിച്ചിരുന്നു. ഷാർജ അജ്മാൻ റാസൽഖൈമ എന്നിവിടങ്ങളിൽ രാവിലെ മുതൽ ശക്തമായ മഴലഭിച്ചു. രാജ്യത്ത് എല്ലായിടത്തും മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. ഷാർജ അജ്മാൻ എമിറേറ്റുകളിൽ പലയിടത്തും റോഡുകളിൽ വെളളം കയറി .മഴമുന്നറിയിപ്പിനെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ തന്നെ കൃത്യമായ മുന്നൊരുക്കങ്ങൾ ഏർപ്പെടുത്തിയിരുന്നതായും വെളളക്കെട്ടുകൾ നീക്കം ചെയ്യാനുളള നടപടികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്ന് ഷാർജ മുനിസിപ്പാലിററി അറിയിച്ചു. പലയിടത്തും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു. രാജ്യത്ത് തണുപ്പ് ശക്തമായിട്ടുണ്ട്.

അതേസമയം ശക്തമായ മഴയെ തുടർന്ന് രാജ്യത്തെ പ്രധാന ടൂറിസ്റ്റ് സ്ഥലങ്ങളിൽ ഒന്നായ ജബൽ ജയ്‌സിലേക്കുള്ള റോഡ് അടച്ചുവെന്നു റാസൽഖൈമ പൊലീസ് അറിയിച്ചു. വാഹനമോടിക്കുന്നവരോട് സുരക്ഷ കണക്കിലെടുത്ത് താഴ്‌വരകൾ ഒഴിവാക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളിലും രാജ്യത്ത് അസ്ഥിര കാലാവസ്ഥ തുടരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *