വിവാദങ്ങള്‍ ജനങ്ങള്‍ക്ക് വിട്ടുകൊടുക്കുന്നു; ആദ്യ പ്രതികരണവുമായി ഇ.പി ജയരാജന്‍
ആന്തൂര്‍ റിസോര്‍ട്ട് വിവാദത്തില്‍ ആദ്യമായി പ്രതികരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ .പി ജയരാജന്‍. വിവാദങ്ങളൊക്കെ ജനങ്ങള്‍ക്ക് വിട്ടുകൊടുക്കുകയാണ്. ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും ഇപി ജയരാജന്‍ പറഞ്ഞു. ‘ഇതിനു മുന്‍പും ഞാനിതൊക്കെ ചെയ്തിട്ടുണ്ട്. താന്‍ പല സംരംഭങ്ങള്‍ക്കും നേതൃത്വം വഹിച്ചു. വിസ്മയ പാര്‍ക്ക്, കണ്ടല്‍ പാര്‍ക്ക്, പാപ്പിനിശേരി ഹോമിയോ ആശുപത്രി, പരിയാരത്തെ കാലിത്തീറ്റ നിര്‍മാണ ഫാക്ടറിയൊക്കെ ഞാന്‍ മുന്‍കൈ എടുത്തവയില്‍ ഉള്‍പ്പെടും. വിവാദങ്ങളില്‍ എനിക്കൊന്നും പറയാനില്ല. റിസോര്‍ട്ടിനായി എല്ലാവരെയും ഒരുമിപ്പിച്ചു. ഇതെല്ലാം ജനങ്ങള്‍ക്കറിയാം’. ഇ പി ജയരാജന്‍ പ്രതികരിച്ചു.
കെഎസ്ടിഎ പരിപാടിയില്‍ ഇ. പി ജയരാജന്‍ പങ്കെടുക്കാനെത്തിയിട്ടുണ്ട്. പരിപാടിക്കിടെ വിവാദങ്ങളോടുള്ള പരസ്യമായ ചോദ്യത്തിന് മൗനം പാലിക്കുകയാണ് ഇ.പി.
അതേസമയം റിസോര്‍ട്ട് വിവാദത്തില്‍ ആരോപണങ്ങള്‍ തള്ളി നഗരസഭാ ചെയര്‍മാന്‍ പി മുകുന്ദന്‍ രംഗത്തെത്തി. 2017ല്‍ നടന്ന നിര്‍മാണത്തില്‍ ഇപ്പോഴാണ് പരാതി ഉയരുന്നതെന്ന് ചെയര്‍മാന്‍ ട്വന്റിഫോറിനോട് പ്രതികരിച്ചു. ആര്‍ക്കുവേണ്ടിയും ഒരു തരത്തിലുമുള്ള ക്രമക്കേടുകള്‍ക്കും കൂട്ടുനിന്നിട്ടില്ല. ഒരു നേതാക്കള്‍ക്ക് വേണ്ടിയും ഒന്നും വഴിവിട്ട് ചെയ്തിട്ടില്ല. എല്ലാ പരാതികളും പരിശോധിക്കുമെന്നും നഗരസഭാ ചെയര്‍മാന്‍ പി മുകുന്ദന്‍ പറഞ്ഞു. ആരോപണങ്ങളില്‍ ഇതുവരെ മുന്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രതികരിച്ചിട്ടില്ല.