Wednesday, April 16, 2025
National

യേശു ഇന്ത്യയെ കൊവിഡില്‍ നിന്നും രക്ഷിച്ചുവെന്ന് തെലങ്കാന ആരോഗ്യ ഡയറക്ടര്‍‌; പുറത്താക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത്

രാജ്യത്ത് കൊവിഡ് കുറഞ്ഞത് യേശുക്രിസ്തുവിന്‍റ കാരുണ്യം കൊണ്ടെന്ന് തെലങ്കാന ആരോഗ്യ ഡയറക്ടര്‍ ജി.ശ്രീനിവാസ് റാവു. ഭദ്രാദ്രി കോതഗുഡെം ജില്ലയിൽ നടന്ന ക്രിസ്മസിന് മുന്നോടിയായുള്ള പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. യേശു രാജ്യത്ത് നിന്നും കൊവിഡ് ഉന്‍മൂലനം ചെയ്തുവെന്നും ലോകമെമ്പാടും ബാധിച്ച മഹാമാരിയില്‍ നിന്നും ഇന്ത്യ ക്രിസ്തുമതത്തിലൂടെയാണ് സുഖപ്പെട്ടതെന്നുമുള്ള റാവുവിന്‍റെ പ്രസ്താവന വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ്.

പ്രകോപനപരമായ മതപരമായ പ്രസ്താവനകൾ നടത്തിയതിന് റാവുവിനെ സസ്പെന്‍ഡ് ചെയ്യണമെന്ന് വിശ്വഹിന്ദു പരിഷത്ത് നേതാക്കള്‍ ആവശ്യപ്പെട്ടു. റാവുവിനെ സർക്കാർ ഉടൻ സസ്‌പെൻഡ് ചെയ്യണമെന്നും അല്ലാത്തപക്ഷം ആവശ്യമായ നടപടിക്കായി ഹൈക്കോടതിയെ സമീപിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

”യേശുവിന്‍റെ ദയ കൊണ്ടാണ് കൊവിഡിനെ പിടിച്ചുകെട്ടാനായത്. ചൈന,അമേരിക്ക,ജപ്പാന്‍,ബ്രസീല്‍ എന്നിവിടങ്ങളില്‍ ഒമിക്രോണിന്‍റെ പുതിയ വകഭേദം അതിവേഗം പടര്‍ന്നുകൊണ്ടിരിക്കുകയാണ്”. കൂടാതെ, ഇന്ത്യയുടെ വികസനത്തിന് ക്രിസ്തുമതം വളരെയധികം സംഭാവന നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ തന്‍റെ വാക്കുകളെ തെറ്റായി വ്യാഖാനിച്ചുവെന്ന വാദവുമായി റാവു രംഗത്തെത്തി.ഇതാദ്യമായിട്ടല്ല ശ്രീനിവാസു വിവാദങ്ങളില്‍ ഇടംപിടിക്കുന്നത്. പ്രഗതി ഭവനിൽ ഔദ്യോഗിക പരിപാടിക്കിടെ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്‍റെ കാല്‍ തൊട്ടുവണങ്ങിയത് വിമര്‍ശനത്തിന് കാരണമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *