Saturday, October 19, 2024
Kerala

’18 വയസിൽ സമ്പൂർണ്ണ സ്വാതന്ത്ര്യം നൽകുന്നത് സമൂഹത്തിന് നല്ലതല്ല’; വിചിത്ര സത്യവാങ്മൂലവുമായി ആരോഗ്യ സർവകലാശാല

കൊച്ചി: മെഡിക്കൽ കോളേജ് ഹോസ്റ്റലുകൾ നൈറ്റ് ലൈഫിനുള്ള ടൂറിസ്റ്റ് ഹോമുകളോ ഹോട്ടലുകളോ അല്ലെന്ന് ആരോഗ്യ സർവ്വകലാശാല ഹൈക്കോടതിയിൽ. 18 വയസിലെ സമ്പൂർണ്ണ സ്വാതന്ത്ര്യം സമൂഹത്തിന് നല്ലതല്ലെന്നും 25 വയസിൽ മാത്രമാണ് ബുദ്ധിവികാസം പൂർണ്ണമാകുകയുള്ളൂവെന്നും ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.

കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ രാത്രി നിയന്ത്രണം ചോദ്യം ചെയ്ത് വിദ്യാർത്ഥിനികൾ നൽകിയ ഹർജിയിലാണ് ആരോഗ്യ സർവകലാശാലയുടെ കർശന നിലപാട്. ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ ഹോസ്റ്റൽ നടത്തിപ്പ് ചുമതലയുള്ളവർക്ക് ബാധ്യതയുണ്ട്. ഹോസ്റ്റൽ വിദ്യാഭ്യാസ ആവശ്യത്തിനും രാത്രി താമസത്തിനുമുള്ളതാണ്. ഹോട്ടലുകളോ മറ്റ് താമസ സൗകര്യങ്ങളോ പോലെയല്ല ഹോസ്റ്റൽ എന്നും നൈറ്റ് ലൈഫ് അനുവദിക്കാനാകില്ലെന്നും ആരോഗ്യ സർവകലാശാലയുടെ സത്യവാങ്മൂലത്തിൽ പറയുന്നു.

ക്യാമ്പസിലൂടെ പൊതുവഴി കടന്നുപോകുന്നുണ്ട്. ഇത്തരം സ്ഥലങ്ങളിൽ ചുറ്റുമതിൽ ഇല്ല. അതിനാൽ നിയന്ത്രണം വേണ്ടിവരും. ഹോസറ്റൽ നിയന്ത്രണം കാരണ വിദ്യാർത്ഥികളുടെ പഠനത്തെ ബാധിച്ചതായി പരാതിയൊന്നുമില്ല. രാത്രി 9 മണിക്ക് ലബ്രൈറികൾ അടക്കുന്നതിനാൽ 9.30 ന് ഹോസ്റ്റലിൽ കയറണം എന്ന് പറയുന്നതിൽ തെറ്റില്ല. നിയന്ത്രണങ്ങളിൽ ലിംഗ വിവേചനമോ, മൗലികാവകാശങ്ങളുടെ ലംഘനമോ ഇല്ലെന്നും ആരോഗ്യ സർവകലാശാല സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

കൗമാരക്കാരുടെ മസ്തിഷ്കം ഘടനാപരമായി ദുർബലമാണ്. പലവിധ സമ്മർദ്ദങ്ങളിൽ വീണ് പോയേക്കാം. വിവിധ ശാസ്ത്രീയ പഠനങ്ങളിൽ 25 വയസിൽ മാത്രമാണ് ബുദ്ധിവികാസം പൂർണ്ണമാകുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. 18 വയസിൽ പൂർണ്ണ സ്വാന്ത്ര്യം വേണമെന്ന് പറയുന്നത് അനുവദിക്കാനാകില്ലെന്നും അത് സമൂഹത്തിനും നല്ലതല്ലെന്നും ആരോഗ്യ സർവകലാശാലയുടെ സത്യവാങ്മൂലത്തിലുണ്ട്. ഈ സാഹചര്യത്തിൽ സുരക്ഷയെ മുൻനിർത്തിയുള്ള നിയന്ത്രണം അംഗീകരിച്ച് ഹർ‍ജി തള്ളണമെന്നും ആരോഗ്യ സർവകലാശാല കോടതിയിൽ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.