പുഴയിലേക്ക് കാർ മറിഞ്ഞ് മുത്തച്ഛനും മുത്തശ്ശിയും കൊച്ചുമകനും മരിച്ചു
തൃശ്ശൂർ ആറാട്ടുപുഴ മന്ദാരംകടവിൽ പുഴയിലേക്ക് കാർ മറിഞ്ഞ് 3 പേർ മരിച്ചു. മുത്തച്ഛനും മുത്തശ്ശിയും കൊച്ചുമകനുമാണ് മരിച്ചത്. തൃശൂർ സ്വദേശികളായ രാജേന്ദ്ര ബാബു, ഭാര്യ സന്ധ്യ (62), കൊച്ചുമകൻ സമർത്ഥ് എന്നിവരാണ് മരിച്ചത്. 6 പേരാണ് കാറിലുണ്ടായിരുന്നത്. തൃശൂർ ചിയാരം സ്വദേശികൾ ആറാട്ടുപുഴയിലെ ഒരു റിസോർട്ടിൽ നടന്ന വിവാഹചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്.
കാറിലുണ്ടായിരുന്നവരെ നാട്ടുകാർ ചേർന്ന് പുറത്തേക്ക് എത്തിക്കുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ആശുപത്രിയിൽ എത്തിച്ചവരിൽ മുത്തച്ഛനും മുത്തശ്ശിയും കൊച്ചുമകനും അവശനിലയിലായിരുന്നു. പിന്നീടാണ് ഇവർ മരണത്തിന് കീഴടങ്ങിയത്.
ഉച്ചയോടെ ആറാട്ടുപുഴ പാലത്തിന് അടിയിലുള്ള വഴിയിലൂടെ പോകുമ്പോൾ ആണ് അപകടം ഉണ്ടായത്. എതിരെ വന്ന മറ്റൊരു കാറിന് വഴിയൊരുക്കുന്നതിനിടെ കാർ പുഴയിലേക്ക് മറിയുകയായിരുന്നു. അടിപ്പാതയ്ക്ക്സം രക്ഷണഭിത്തിയില്ലാതിരുന്നതാണ് അപകടത്തിന് കാരണം.