ഫൈനലിന് രണ്ട് ദിവസം മാത്രം; ഫ്രഞ്ച് ടീമിൽ പനി പടരുന്നത് ആശങ്കയാകുന്നു
ഞായറാഴ്ചത്തെ ഫൈനൽ പോരാട്ടത്തിന് തയ്യാറാടെുക്കുകയാണ് ഫ്രാൻസും അർജന്റീനയും. എന്നാൽ ടീമിൽ പനി പടരുന്നത് ഫ്രാൻസ് ക്യാമ്പിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
ഇനി രണ്ട് ദിവസം മാത്രമാണ് അവശേഷിക്കുന്നത്. ഫ്രാൻസിന്റെ പരിശീലനം ഇന്ന് പുനരാരംഭിച്ചേക്കും. എന്നാൽ കിങ്സ്ലി കോമാന് പനി ബാധിച്ചത് ഫ്രഞ്ച് ക്യാമ്പിൽ ആശങ്കയുയർത്തിയിട്ടുണ്ട്. നേരത്തേ മധ്യനിരതാരം അഡ്രിയൻ റാബിയോട്ട്, പ്രതിരോധനിരതാരം ഡാലോട്ട് ഉപമെക്കാനോ എന്നിവർക്കും അസുഖം ബാധിച്ചിരുന്നു. ഇവർ സെമിഫൈനലിൽ മൊറോക്കോക്കെതിരേ കളിച്ചിരുന്നില്ല. താരങ്ങൾ അസുഖം മാറി ശാരീരികക്ഷമത വീണ്ടെടുത്തില്ലെങ്കിൽ അർജന്റീനയ്ക്കെതിരായ ഫൈനലിൽ മൂന്ന് പേർക്കും കളിക്കാൻ സാധിക്കില്ല.
അതേസമയം, തയ്യാറെടുപ്പിലേക്ക് കടന്ന് കഴിഞ്ഞു അർജന്റീന. ഏയ്ഞ്ചൽ ഡി മരിയ പൂർണമായി കായിക ക്ഷമത വീണ്ടെടുത്തത് അർജന്റീനയ്ക്ക് സന്തോഷം നൽകുന്ന വാർത്തയാണ്. പരിശീലനത്തിനിറങ്ങിയ ഡി മരിയ ഫൈനലിന് സജ്ജമാണ്. പരേഡസിന് പകരം അർജന്റീനയുടെ ആദ്യ ഇലവനിൽ ഡി മരിയ എത്തിയേക്കും. കഴിഞ്ഞ മത്സരത്തിൽ ആദ്യ ഇലവനിൽ കളിച്ചവരുന്നവർക്ക് ഇന്നലെ പരിശീലനത്തിൽ നിന്ന് അവധി നൽകിയിരുന്നു.
പോളണ്ടുകാരനായ ഷിമോൺ മാർചിനാകും ഫൈനൽ നിയന്ത്രിക്കുക. ഫ്രാൻസ് -ഡെൻമാർക്ക് മത്സരത്തിലും അർജന്റീന ഓസ്ട്രേലിയ മത്സരത്തിലും റഫറിയായിരുന്നു മാർചിനാക്.