സ്റ്റാൻ സ്വാമി വിഷയം: അമേരിക്കൻ എജൻസി കണ്ടെത്തലിൽ പ്രതികരിക്കാതെ എൻഐഎ
സ്റ്റാൻ സ്വാമി വിഷയത്തിൽ അമേരിക്കൻ എജൻസി കണ്ടെത്തലിൽ പ്രതികരിക്കാതെ എൻഐഎ. കോടതിയുടെ പരിഗണനയിൽ ഉള്ള കേസിൽ ഔദ്യോഗിക പ്രതികരണം തത്ക്കാലം വേണ്ടെന്ന നിലപാടിലാണ് എൻഐഎ. അമേരിക്കൻ ഫോറൻസിക്ക് എജൻസിയുടെ പരിശോധന ഫലത്തിന്റെ ആധികാരികതയിൽ അടക്കം കോടതിയിൽ എൻഐഎ എതിർപ്പ് ഉന്നയിക്കും.
അതേസമയം, യു.എസ് ഫോറൻസിക് ലബോറട്ടറിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ഫാദർ സ്റ്റാൻ സ്വാമിയ്ക്ക് എതിരായ് ഗൂഡാലോചന വിഷയത്തിൽ അനവേഷണം ആവശ്യപ്പെട്ട് സാമൂഹ്യപ്രപർത്തകരും വിവിധ സംഘടനകളും രംഗത്ത് എത്തിയിരുന്നു. ഫാദർ സ്റ്റാൻ സ്വാമിയുടെ ലാപ്‌ടോപ്പിൽ നാൽപതിലേറെ രേഖകൾ ഹാക്കിങ്ങിലൂടെ തിരുകിക്കയറ്റിയതായാണ് യു.എസ് ഫോറൻസിക് ലബോറട്ടറിയുടെ കണ്ടെത്തൽ. രേഖകൾ ഹാക്കർവഴി സ്റ്റാൻ സ്വാമിയുടെ ലാപ്‌ടോപ്പിൽ സ്ഥാപിച്ചതാണെന്നാണ് യു.എസിലെ ബോസ്റ്റൺ ആസ്ഥാനമായ ആഴ്‌സനൽ ഫോറൻസിക് ലാബ് കണ്ടെത്തിയത്.
പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ വിഷയം ഉന്നത തല അനവേഷണ വിധേയമാക്കണമെന്ന് സി.പി.ഐ നിർദേശിച്ചു. വിഷയത്തിലെ ദുരുഹത പുറത്ത് കൊണ്ട് വരാൻ ഇത് അനിവാര്യമാണെന്ന് ബിനോയ് വിശ്വം എം.പി വ്യക്തമാക്കി. വിഷയം ലോകസഭയിൽ ആന്റോ ആന്റണിയും രാജ്യസഭയിൽ ബിനോയ് വിശ്വവും ഉന്നയിച്ചു.
ഭീകരബന്ധം ആരോപിച്ച് ജയിലിലടക്കപ്പെട്ട് കസ്റ്റഡിയിൽ മരിച്ച മനുഷ്യാവകാശ പ്രവർത്തകൻ സ്റ്റാൻ സ്വാമിയും അറസ്റ്റിലായ മറ്റുള്ളവരും തമ്മിൽ നടത്തിയെന്നു പറയുന്ന ഇ-മെയിലുകളുടെ അടിസ്ഥാനത്തിലാണ് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) 2020ൽ ഭീകരവാദ കുറ്റമടക്കം അദ്ദേഹത്തിനെതിരെ ചുമത്തിയത്. കേസിൽ പ്രതിചേർക്കപ്പെട്ട മനുഷ്യാവകാശ പ്രവർത്തകരായ റോണ വിൽസന്റെയും സുരേന്ദ്ര ഗാഡ്‌ലിങ്ങിന്റെയും കമ്പ്യൂട്ടറുകളിൽ ഇതേ മാതൃകയിൽ നുഴഞ്ഞുകയറിയതായ് നേരത്തെ ആരോപണം ഉയർന്നിരുന്നു. മൂവരെയും ഒരേ ഹാക്കറാണ് ലക്ഷ്യമിട്ടതെന്നും പറയുന്നു. തന്റെ കമ്പ്യൂട്ടറിൽ കയറിക്കൂടിയ രേഖകളെല്ലാം നിഷേധിച്ച സ്റ്റാൻ സ്വാമിക്കു വേണ്ടി അദ്ദേഹത്തിന്റെ അഭിഭാഷകരാണ് നിജഃസ്ഥിതിക്കായി ആഴ്‌സനൽ ലാബിനെ സമീപിച്ചത്.