ശബരിമലയില്‍ ഇന്ന് വെര്‍ച്വര്‍ ക്യൂ വഴി ബുക്ക് ചെയ്തത് 94,000ത്തിലധികം പേര്‍; പമ്പ മുതല്‍ ഗതാഗതനിയന്ത്രണം
ശബരിമലയില്‍ ഇന്നലെ മുതല്‍ തുടങ്ങിയ ഭക്തജന തിരക്ക് ഇന്നും തുടരുകയാണ്. വെര്‍ച്വല്‍ ക്യൂ വഴി 94369 പേരാണ് ഇന്ന് ദര്‍ശനത്തിന് ബുക്ക് ചെയ്തിരിക്കുന്നത്. തിരക്ക് കൂടിയതോടെ പമ്പ മുതല്‍ സന്നിധാനം വരെ പൊലീസ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. നിലക്കല്‍ പാര്‍ക്കിംഗ് ഗ്രൗണ്ട് തീര്‍ഥാടകരുടെ വാഹനങ്ങളാല്‍ നിറഞ്ഞത് ഗതാഗത തടസത്തിനും ഇടയാക്കി.
ഇന്നലെ ഒരുലക്ഷത്തിലധികം തീര്‍ഥാടകരാണ് സന്നിധാനത്ത് എത്തിയത്. തിരക്കേറിയതോടെ പമ്പയിലും ശരംകുത്തിയിലും പൊലീസ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇന്ന് 94369 പേരാണ് വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനത്തിന് എത്തുന്നത്. മണിക്കൂറുകള്‍ ക്യൂവില്‍ നിന്ന ശേഷമാണ് ഭക്തര്‍ക്ക് ദര്‍ശനം സാധ്യമാകുന്നത്. വരും ദിവസങ്ങളിലും സന്നിധാനത്തേക്ക് എത്തുന്ന ഭക്തരുടെ തിരക്ക് തുടരും.
പുല്ലുമേട് – സത്രം വഴിയും കൂടുതല്‍ ഭക്തര് എത്തി തുടങ്ങി. ഇന്നലെ മാത്രം 7281 പേരാണ് പുല്ലുമേട് വഴി സന്നിധാനത്ത് എത്തിയത്. നിലയ്ക്കല്‍ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ വാഹങ്ങള്‍ നിറഞ്ഞതോടെ ശബരിമലയിലേക്കുള്ള വാഹനങ്ങള്‍ പൊലീസ് റോഡില്‍ തടഞ്ഞു. നിലവില്‍ സന്നിധാനത്ത് ഉള്ള തീര്‍ത്ഥാടകര്‍ തിരിച്ചിറങ്ങിയാല്‍ മാത്രമേ ളാഹ മുതല്‍ പമ്പ വരെയുള്ള ഗതാഗതക്കുരുക്കിന് പൂര്‍ണ്ണ പരിഹാരമാകൂ. ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം തീര്‍ത്ഥാടകര്‍ പെട്ടന്ന് തന്നെ തിരിച്ചു പമ്പയിലേക്ക് മടങ്ങണമെന്ന നിര്‍ദേശമാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്നത്..