Thursday, January 23, 2025
Gulf

ജിസിസി പൗരന്മാർക്ക് ഹയ്യ കാർഡ് ഇല്ലാതെ ഖത്തറിൽ പ്രവേശിക്കാൻ അനുമതി

ഗൾഫിലെ പൗരന്മാർക്കും താമസക്കാർക്കും ഹയ്യ കാർഡ് ഇല്ലാതെ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം. ലോകകപ്പ് ഫുട്‌ബോൾ മത്സരം സ്റ്റേഡിയങ്ങളിൽ കാണണമെങ്കിൽ ടിക്കറ്റും ഹയ്യ കാർഡും നിർബന്ധമാണെന്നും മന്ത്രാലയം അറിയിച്ചു. തീരുമാനം ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.

ജിസിസി രാജ്യങ്ങളിലെ പൗരന്മാർക്കും താമസക്കാർക്കും ഹയ്യ കാർഡ് ആവശ്യമില്ലാതെ ഖത്തറിലേക്ക് പ്രവേശിക്കാൻ അനുവദിക്കുമെന്നാണ് അറിയിപ്പ്. വിമാനതാവളങ്ങൾ വഴിയും സ്വകാര്യ വാഹനങ്ങൾ വഴിയും നേരിട്ട് ഖത്തറിലേക്ക് വരാം. ലാൻഡ് പോർട്ട് വഴി എല്ലാ യാത്രക്കാർക്കും ബസുകൾ മുഖേനയുള്ള ഗതാഗതം ലഭ്യമാകും. സാധാരണ സാഹചര്യങ്ങളിലെന്നപോലെ സന്ദർശകർക്ക് ഫീസ് കൂടാതെ പാർക്കിംഗ് സ്ഥലങ്ങൾ അനുവദിക്കുകയും ചെയ്യും.

വിമാനം:
ഹയ്യ കാർഡ് ഇല്ലാതെ യാത്രക്കാർക്ക് വിമാനത്താവളങ്ങൾ വഴി രാജ്യത്തേക്ക് പ്രവേശിക്കാനാകും. മത്സര ടിക്കറ്റ് ഇല്ലാത്തവർ ഹയ്യ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതില്ല. 2022 ഡിസംബർ 6 മുതൽ (ഇന്ന്), വിനോദസഞ്ചാരികൾക്ക് നേരത്തെയുണ്ടായിരുന്ന ട്രാവൽ പ്രോട്ടോക്കോൾ ഉപയോഗിച്ച് പരിധിയില്ലാതെ രാജ്യത്തേക്ക് പ്രവേശിക്കാനാകും.

ബസ്:
ബസിൽ രാജ്യത്തേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാതെ തന്നെ പ്രവേശിക്കാം. ബസുകൾക്ക് സൗജന്യ പാർക്കിങ് സ്ഥലവും അനുവദിക്കും.

സ്വകാര്യ വാഹനം:
2022 ഡിസംബർ 12 മുതൽ സ്വന്തം സ്വകാര്യ വാഹനം ഉപയോഗിച്ച് രാജ്യത്ത് പ്രവേശിക്കാൻ ആഗ്രഹിക്കുന്ന വിനോദസഞ്ചാരികൾക്ക് അനുമതി നൽകും. എന്നിരുന്നാലും പ്രവേശന തീയതിക്ക് 12 മണിക്കൂർ മുമ്പെങ്കിലും അവർ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷനിൽ ഫീസ് ഈടാക്കില്ല.

ജിസിസി രാജ്യങ്ങളിൽ നിന്ന് കൂടുതൽ സന്ദർശകരെ വരാനും കളിയുടെ ആവേശം ആസ്വദിക്കാനും അനുവദിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *