ഇറാന്റെ തോല്‍വി ആഘോഷിച്ചു; ഇറാനി സാമൂഹികപ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു
ലോകകപ്പ് ഫുട്ബോളിൽ നിന്ന് ഇറാന്‍ പുറത്തായതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തകര്‍ നടത്തിയ ആഘോഷ പരിപാടിക്കിടെ ഒരാള്‍ കൊല്ലപ്പെട്ടു.ഇറാനി സാമൂഹ്യപ്രവര്‍ത്തകനായ മെഹ്‌റാന്‍ സമക്കാണ് കൊല്ലപ്പെട്ടത്. സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധത്തിന്റെ ഭാഗമായാണ് സാമൂഹിക പ്രവര്‍ത്തകര്‍ ഇറാന്റെ തോല്‍വി ആഘോഷിച്ചത്.
ഇറാനിലെ ബന്ദര്‍ അന്‍സാലിയില്‍ നടന്ന ആഘോഷ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ മെഹ്‌റാനെ പൊലീസ് വെടിവച്ച് കൊല്ലുകയായിരുന്നുവെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.തലയില്‍ വെടികൊണ്ട മെഹ്‌റാനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇതിനിടെ കാറിന്റെ ഹോണ്‍ തുടര്‍ച്ചയായി അടിച്ചുകൊണ്ട് മെഹ്‌റാന്‍ ആഘോഷത്തില്‍ പങ്കാളിയായി. ഇതേത്തുടര്‍ന്നാണ് മെഹ്‌റാനെ പൊലീസ് വെടിവെച്ചുകൊന്നതെന്ന് ബി.ബി.സി. റിപ്പോര്‍ട്ട് ചെയ്തു.
ഖത്തര്‍ ലോകകപ്പില്‍ ഇറാന്‍ ഫുട്‌ബോള്‍ ടീം സര്‍ക്കാരിനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി മത്സരത്തിനിടെ ദേശീയഗാനം ആലപിച്ചിരുന്നില്ല. എന്നാല്‍ വെയ്ല്‍സിനെതിരായ രണ്ടാം മത്സരത്തില്‍ ഇറാന്‍ മത്സരത്തിന് മുന്നോടിയായി ദേശീയ ഗാനം ആലപിച്ചു. ഇതാണ് ഇറാന്‍ ആരാധകരെ ചൊടിപ്പിച്ചത്.