എടിഎമ്മിൽ നിന്ന് 20 ലക്ഷം രൂപ കവർന്ന സെക്യൂരിറ്റി ജീവനക്കാരൻ പിടിയിൽ
കാമുകിയെ വിവാഹം കഴിക്കാൻ 20 ലക്ഷം രൂപ മോഷ്ടിച്ച എടിഎം സെക്യൂരിറ്റി ജീവനക്കാരൻ പിടിയിൽ. 23 കാരനായ സെക്യൂരിറ്റി താൻ ജോലി ചെയ്തിരുന്ന ബാംഗ്ലൂരിലെ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎമ്മിൽ നിന്നുമാണ് 19.9 ലക്ഷം രൂപ മോഷ്ടിച്ചത്.
അറസ്റ്റിലായ അസം സ്വദേശിയായ ദീപോങ്കർ നോമോസുദാര ആറുമാസം മുൻപാണ് ജോലിക്കായി നഗരത്തിലെത്തിയത്. വിൽസൺ ഗാർഡനിലെ 13-ാം ക്രോസിലുള്ള ദേശസാൽകൃത ബാങ്കിന്റെ എടിഎം സെക്യൂരിറ്റി ഗാർഡായി ജോലി ലഭിച്ച ദീപോങ്കർ നവംബർ 17 ന് എടിഎം കുത്തിത്തുറന്ന് 19.9 ലക്ഷം രൂപയുമായി രക്ഷപ്പെട്ടു. ബാങ്ക് മാനേജറുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് ഉപഭോക്താവെന്ന വ്യാജേന ഒരാൾ കയറി ലൈറ്റുകൾ അണച്ച് ക്യാമറ മറ്റൊരു ദിശയിലേക്ക് തിരിച്ച ശേഷം മോഷണം നടത്തുകയായിരുന്നു എന്ന് കണ്ടെത്തി. അതേ ദിവസം തന്നെ പണവുമായി ഹൈദരാബാദിലേക്ക് പോയ ദീപാങ്കർ അസമിലെത്താൻ ട്രെയിനിൽ കയറുന്നതിന് മുമ്പ് ഫോണും സിം കാർഡും ഉപേക്ഷിച്ചതായും കണ്ടെത്തി.
പിന്നാലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊള്ളയടിച്ച പണവുമായി ഒരു റെസ്റ്റോറന്റ് ആരംഭിച്ച് തന്റെ കാമുകിയെ വിവാഹം കഴിക്കാൻ പദ്ധതിയിട്ടിരുന്നതായി പ്രതി മൊഴി നൽകി. കാമുകിക്ക് സമ്മാനങ്ങൾ വാങ്ങുന്നതിനായി പ്രതി ഇതിനകം നാല് ലക്ഷം രൂപ ചെലവഴിച്ചു, ബാക്കി 15.5 ലക്ഷം രൂപ പൊലീസ് കണ്ടെടുത്തു.