വെറും കുട്ടികളല്ല, മുതിർന്ന പൗരൻമാരാണ് മെഡിക്കൽ വിദ്യാർത്ഥികൾ; രാത്രിയാത്രാ നിയന്ത്രണത്തിനെതിരെ കോടതി
കോഴിക്കോട് മെഡിക്കൽ കോളജ് ഹോസ്റ്റലിൽ വിദ്യാർത്ഥിനികൾക്ക് രാത്രി യാത്രാ നിയന്ത്രണം ഏർപ്പെടുത്തിയ സംഭവത്തിൽ വിമർശനവുമായി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. സുരക്ഷയുടെ പേരിൽ വിദ്യാർത്ഥിനികളെ നിയന്ത്രിക്കുന്നത് പരിഷ്‌കൃത സമൂഹത്തിനു ചേർന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു.
വെറും കുട്ടികളല്ല, മുതിർന്ന പൗരൻമാരാണ് മെഡിക്കൽ വിദ്യാർത്ഥികളെന്ന് കോടതി നിരീക്ഷിച്ചു. അക്രമം ഭയന്നാണെങ്കിൽ വിദ്യാർത്ഥിനികളെയല്ല അക്രമികളെയാണ് പൂട്ടിയിടേണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടു. ഹോസ്റ്റലുകളിൽ രാത്രി 9.30 ശേഷമുള്ള നിയന്ത്രണത്തിന്റെ കാരണം വ്യക്തമാക്കാൻ സർക്കാരിന് നിർദേശം നൽകി. സംസ്ഥാന വനിതാ കമ്മീഷനും അഭിപ്രായം അറിയിക്കണം. കേസ് കോടതി ബുധനാഴ്ച പരിഗണിക്കും.
കോഴിക്കോട് മെഡിക്കൽ കോളജിലെ ലേഡീസ് ഹോസ്റ്റലിലെ പ്രവേശന നിയന്ത്രണത്തിൽ മെഡിക്കൽ കോളജ് പ്രതിനിധികളെ വിളിച്ചു വരുത്തുമെന്ന് വനിത കമ്മിഷൻ അറിയിച്ചിരുന്നു. സമയ നിബന്ധന വയ്ക്കേണ്ട കാര്യമില്ല. സുരക്ഷിതമായി ജോലി ചെയ്യാൻ അവസരം ഒരുക്കുമെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ പി.സതീദേവി വ്യക്തമാക്കിയിട്ടുണ്ട്. മറ്റു കോളജുകളിൽ ഇത്തരം നിയന്ത്രണം ഉണ്ടോ എന്ന് പരിശോധിക്കും. വിവേചനം ഇല്ലാതെ പഠിക്കാനുള്ള സൗകര്യം ഒരുക്കുമെന്ന് പി.സതീദേവി പറഞ്ഞു.
പെൺകുട്ടികൾ രാത്രി 10 മണിക്ക് മുമ്പ് ഹോസ്റ്റലിൽ കയറണമെന്ന കർശന നിർദേശത്തിനെതിരെ രാത്രി വിദ്യാർത്ഥികൾ പ്രതിഷേധിച്ചിരുന്നു. ആൺകുട്ടികളുടെ ഹോസ്റ്റലിൽ നിയന്ത്രണങ്ങളില്ലെന്നും രാത്രി ഡ്യൂട്ടിയുളളവർക്ക് സമയക്രമം പാലിക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി വിദ്യാർത്ഥികൾ ഹോസ്റ്റൽ വിട്ടിറങ്ങി പ്രതിഷേധിക്കുകയായിരുന്നു. ഒരുമണിക്കൂർ നീണ്ട പ്രതിഷേധത്തിനൊടുവിലാണ് വൈസ് പ്രിൻസിപ്പാൾ കുട്ടികളെ ചർച്ചക്ക് വിളിച്ചത്.